jyothis

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും, സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് പാർട്ടി വിട്ടു. എൻ.ഡി.എ സ്വതന്ത്രനായി ചേർത്തലയിൽ മത്സരിക്കും. 25 വർഷത്തിലധികമായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ജ്യോതിസ് മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പദത്തിലിരിക്കെ ജ്യോതിസിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിലേക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചന ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന പരേതനായ എൻ.പി.തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധങ്ങളുണ്ട്. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിന്റെ അമ്മാവനാണ്. 28 വർഷക്കാലം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയായിരുന്ന പരേതനായ പി.കെ. സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും,ചേർത്തല കോടതിയിലെ അഭിഭാഷകനുമാണ്.