
ഫറ്റോർദ: ഐ.എസ്.എൽ ഫൈനലിൽ മുംബയ്ക്ക് നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെ മോഹൻ ബഗാൻ എതിരാളികൾ. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ആദ്യഫൈനൽ പ്രവേശനം ലക്ഷ്യമിട്ടെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1ന് വീഴ്ത്തിയാണ് ബഗാൻ ഫൈനലുറപ്പിച്ചത്.അവസാന നിമിഷങ്ങളിൽ നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു. നേരത്തേ ആദ്യ പാദത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 3-2നാണ് ബഗാന്റെ വിജയം.
ഫറ്റോ ർദയിൽ നടന്ന മത്സരത്തിൽ ഡേവിഡ് വില്യംസും മൻവീർ സിംഗുമാണ് ബഗാനായി ഗോളുകൾ നേടിയത്. മലയാളി താരം വി.പി. സുഹൈറാണ് നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ മടക്കിയത്. ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റിനെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത് എടികെ മോഹൻ ബഗാൻ തന്നെയായിരുന്നു.
തുടക്കം മുതൽ തന്നെ ബഗാൻ നോർത്ത് ഈസ്റ്റ് ഗോൾ മുഖത്തേക്ക് ഇരച്ചുകയറി.മൂന്നാം മിനിട്ടിൽ ബഗാൻ ലീഡിന് അടുത്തെത്തിയെങ്കിലും ഹാവി ഹെർണാണ്ടസിന്റെ ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 15-ാം മിനിട്ടിൽ ശുഭാശിഷ് ബോസിന്റെ തകർപ്പൻ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളി ശുഭാശിഷ് ചൗധരി തട്ടിയകറ്റി. 23-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ലൂയി മഷാഡോയുടെ കിടിലൻ ഷോട്ട് ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ അതിമനോഹരമായി സേവ് ചെയ്തു.38-ാം മിനിട്ടിൽ ആദ്യ പാദത്തിലെ സ്കോറർ ഡേവിഡ് വില്യംസ് രണ്ടാം പാദത്തിലും ബഗാന് ലീഡ് നേടിക്കൊടുത്തു. റോയ് കൃഷ്ണയുടെ പാസാണ് വില്യംസ് ശുഭാശിഷ് ചൗധരിയുടെ തലയ്ക്ക് മുകളിലൂടെ നോർത്ത് ഈസ്റ്റ് വലയ്ക്കകത്താക്കിയത്.
അറുപത്തിയെട്ടാം മിനിട്ടിൽ മൻവീർ ബഗാന്റെ ലീഡുയർത്തി.റോയ് കൃഷ്ണനീട്ടി നൽകിയ പന്തുമായി നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് ഓടിക്കയറിയ മൻവീർ തടയാനെത്തിയവരെയെല്ലാം കബളിപ്പിച്ച് മനോഹരായ ഇടങ്കാലൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 74-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന് പ്രതീക്ഷ നൽകി സുഹൈർ ബഗാന്റെ പോസ്റ്റിൽ പന്തെത്തിച്ചു.എൺപത്തിരണ്ടാം മിനിട്ടിൽ എദ്രിസ സില്ലിയെ സുഭാശിഷ് ബോസ് ഫൗൾ ചെയ്തതിന് നോർത്ത് ഈസറ്റിനനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലു കിക്കെടുത്ത ലൂയി മഷാഡോ പന്ത് പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു. ഈമാസം 13നാണ് ഫൈനൽ.