
യങ്കൂൺ: പ്രതിഷേധക്കാരെ വരിഞ്ഞുമുറുക്കി മ്യാൻമർ സൈന്യം. കഴിഞ്ഞദിവസം ഉണ്ടായ പ്രക്ഷോഭത്തിനൊടുവിൽ യങ്കൂൺ നഗരത്തിലെ ഒരു ജില്ലയിൽ നിന്നും മാത്രം നൂറുകണക്കിന് പ്രക്ഷോഭകരെയാണ് സൈന്യം ഒറ്റരാത്രികൊണ്ട് വിട്ടയച്ചത്. പൊലീസും സൈന്യവും ജനം നടത്തിയ പ്രതിഷേധത്തിൽ അക്രമാസക്തരാകുകയും നിരവധി പ്രകടനക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഒപ്പം വീടുകളിൽ അതിക്രമിച്ച് കയറുകയും ചെയ്തു. സാഞ്ചാങ് ജില്ലയിൽ സൗന്യം പ്രക്ഷോഭകരെ തടഞ്ഞുവച്ചതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി അറിയിച്ചു. സമീപത്തെ കെട്ടിടത്തിൽ 20ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി യുവജന പ്രവർത്തക ഷാർ യാ മോൺ റോയിറ്റേഴ്സിനോട് പറഞ്ഞു. നിരവധി പ്രകടനക്കാരെ പൊലീസും സേനയും വളഞ്ഞതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പ്രതിഷേധക്കാർക്ക് അഭയം നൽകുന്നവരെ ശിക്ഷിക്കുമെന്ന് സാഞ്ചാങ് നിവാസികളെ ഭീഷണിപ്പെടുത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ വാറന്റില്ലാതെ വീടുകളിൽ അതിക്രമിച്ച് കടന്ന് തിരച്ചിൽ നടത്തിയതായും തോക്കുകളും സ്റ്റൺ ഗ്രാനേഡുകളും പ്രയോഗിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ആഴ്ചകളായി രാത്രിസമയ കർഫ്യൂ നിലനിൽക്കുന്നുണ്ട്.
നേരത്തെ പ്രതിഷേധക്കാരുമായി ഇടപെഴകുമ്പോൾ സേന പരമാവധി നിയന്ത്രണം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്തുനിന്നും സുരക്ഷാസേന പിൻവാങ്ങണമെന്നും അറസ്റ്റിലായവരെ സുരക്ഷിതമായി നാട്ടിലേക്ക് അയയ്ക്കണമെന്നും യങ്കൂണിലെ യുഎസ് എംബസി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ടും ചെവ്വാഴ്ച രാവിലെയുമായി പ്രദേശത്തുനിന്നും വാറന്റില്ലാതെ 50 പേരെങ്കിലും തടങ്കലിലാക്കി
താനിന്താരി മേഖലയിലെ തെക്കൻ നഗരമാ.. മൈയിക്കിൽ യുവതികളടക്കം നിരവധിപേരെ തടഞ്ഞുവച്ചു
പ്രധാന നഗരങ്ങളിൽ പലയിടത്തും പൊലീസ് വെടിവയ്പ്പ് തുടരുന്നു
ലക്ഷ്യം മാദ്ധ്യമങ്ങൾ
മ്യാൻമറിൽ ഉയരുന്ന പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ വാർത്താ ഏജൻസികളുടെ യങ്കൂൺ ഓഫീസുകളിൽ സുരക്ഷാ സേന ഒറ്റരാത്രികൊണ്ട് റെയ്ഡ് നടത്തുകയും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായും മാദ്ധ്യമങ്ങൾക്കുമേൽ സമ്മർദ്ദം ചൊലുത്തുന്നതായും മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകളിലൂടെ അറിയിച്ചു. വാർത്തകൾ പ്രസിദ്ധീകരിക്കാനും പ്രക്ഷേപണം ചെയ്യാനുമുള്ള ലൈസൻസ് സൈന്യം റദ്ദാക്കിയതായും വെബ്സൈറ്റിൽ പറയുന്നു. അതേസമയം, വാർത്തകൾ സംപ്രേക്ഷണം തുടരുമെന്നും മാദ്ധ്യമങ്ങൾ അറിയിച്ചു. ഈ നിരോധനം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരാണ്. മാദ്ധ്യമ പ്രവർത്തകർക്ക് ഉപദ്രവമോ ഭീഷണിയോ അറസ്റ്റോ ഇല്ലാതെ അവരുടെ ജോലി ചെയ്യാൻ അനുവാദമുണ്ടെന്ന് ഹ്യൂമൻ റൈറ്റസ് വാച്ച് ഡെപ്യൂട്ടി ഏഷ്യ ഡയറക്ടർ ഫിൽ റോബർട്ടസൺ പറഞ്ഞു.