
ജയ്‌പൂർ: രാജസ്ഥാനിലെ ബുണ്ടിയിൽ ബന്ധുക്കളായ യുവാക്കൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ബുണ്ടി കേശവപുര സ്വദേശികളായ ദേവരാജ് ഗുർജാർ (23), മഹേന്ദ്ര ഗുർജാർ (23) എന്നിവരാണ് ഞായറാഴ്ച രാത്രി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ ആണെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
യുവാക്കളുടെ കൈകളിൽ ഒരു പെൺകുട്ടിയുടെ എഴുതിയിരുന്നു. രണ്ടുപേരും ഒരാളുടെ പേരാണ് കൈകളിൽ എഴുതിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ ആണെന്ന് കണ്ടെത്തിയത്.
അതിനിടെ, ജീവനൊടുക്കുന്നതിന് മുമ്പ് യുവാക്കൾ ഒരുമിച്ചിരുന്ന് മൊബൈലിൽ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ ആരുടെയും സമ്മർദ്ധമില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. ഇത് ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തിന് ഒരിക്കലും ഇവനെ കുറ്റപ്പെടുത്തേണ്ടതില്ല. അവൻ ചെയ്യുന്നതിന് എന്നെയും കുറ്റപ്പെടുത്തേണ്ട.ഇതിന്റെ പേരിൽ തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ദേഷ്യമോ വഴക്കോ ഉണ്ടാകരുതെന്നും യുവാക്കൾ അഭ്യർത്ഥിക്കുന്നുണ്ട്. പ്രണയിച്ചിരുന്ന പെൺകുട്ടിക്ക് അവൾക്ക് അനുയോജ്യനായ വരനെ കണ്ടുപിടിച്ച് വിവാഹം ചെയ്തുകൊടുക്കണമെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ കേസെടുത്തതായും യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും പൊലീസ് അറിയിച്ചു.