britain-parliament

ന്യൂഡൽഹി: കർഷക സമരവും ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചചെയ്തതിൽ പ്രതിഷേധമറിയിച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. നടപടിയെ അനാവശ്യമായ ഇടപെടലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ആദ്യമായാണ് ഒരു വിദേശരാജ്യം കർഷക സമരത്തെപ്പറ്റി ഔദ്യോഗികമായി തങ്ങളുടെ പാർലമെന്റിൽ ചർച്ച ചെയ്യുന്നത്.

ഇന്ത്യ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ബ്രിട്ടൻ പാർലമെന്റിൽ അനാവശ്യ ചർച്ച നടത്തിയതിൽ ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രീയത്തിലുളള അനാവശ്യമായ ഇടപെടലാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഭവങ്ങളെ തെറ്റായി വ്യഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽ നിന്നും ബ്രിട്ടീഷ് എം.പിമാർ വിട്ടു നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കർഷക സമരങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിൽ 90 മിനിറ്റ് ചർച്ച നടന്നത്. ചർച്ചാവേളയിൽ ലേബർ പാർട്ടി, ഡെമോക്രാറ്റ്സ്, സ്‌കോട്ടിഷ് നാഷണൽ പാർട്ടി എംപിമാർ പ്രതിഷേധങ്ങൾക്കെതിരെയുളള സർക്കാരിന്റെ പ്രതികരണങ്ങളിൽ ഉത്കണ്ഠ അറിയിച്ചു. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരായ സമരം 100 ദിവസം പിന്നിട്ടിട്ടുണ്ട്.