bjp-minister

ബെംഗളൂരു: തനിക്കെതിരായ ലൈംഗിക വീഡിയോ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ സിഡി തയാറാക്കുകയായിരുന്നെന്നും രാജിവെച്ച കർണാടക മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ രമേഷ് ജാർക്കിഹോളി. സമൂഹിക മാദ്ധ്യമങ്ങളിൽ ലൈംഗിക വീഡിയോ പ്രത്യക്ഷപ്പെടുന്നതിന് 26 മണിക്കൂർ മുൻപ് ബി.ജെ.പി ഉന്നതനേതൃത്വം ഇതേപ്പറ്റി മുന്നറിയിപ്പു നൽകിയിരുന്നു. താൻ രാഷ്ട്രീയ ഗുഢാലോചനയുടെ ഇരയാണെന്നും പുറത്തുവന്ന വീഡിയോ നൂറു ശതമാനം വ്യാജമാണെന്നും ജാർക്കിഹോളി മാദ്ധ്യമങ്ങളോടു പറഞ്ഞു.

സർക്കാർ ജോലി വാഗ്ദാനം ചെയ്തു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രിയും യുവതിയും ഉൾപ്പെട്ടതായി പറയുന്ന അശ്ലീല വീഡിയോ പുറത്തുവന്നതു കർണാടക ബി.ജെ.പിയിലും സർക്കാരിലും വലിയ വിവാദമുയർത്തിയിരുന്നു. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് ജാർക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സോഷ്യൽ ആക്ടിവിസ്റ്റായ ദിനേഷ് കലഹള്ളി ആരോപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

ലൈംഗിക ദൃശ്യങ്ങൾ പുറത്താകുന്നതിനു 26 മണിക്കൂർ മുൻപ്, പാർട്ടി ഹൈക്കമാൻഡ് വിളിച്ച് മുന്നറിയിപ്പ് തന്നു. നാളെ വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ സിഡി റിലീസ് ആകുമെന്നായിരുന്നു മുന്നറിയിപ്പ്. ഞാൻ നിരപരാധിയായതിനാൽ നിയമനടപടികൾ വേണ്ടെന്നാണു ചിന്തിച്ചത്. സംഭവത്തിന്റെ ഗൂഢാലോചനയിൽ മുതിർന്ന രാഷ്ട്രീയ നേതാവിന് പങ്കുണ്ട്. രാഷ്ട്രീയ എതിരാളികൾ 20 കോടി രൂപ ചെലവിട്ട് എന്നെ അപകീർത്തിപ്പെടുത്താൻ സിഡി തയാറാക്കുകയായിരുന്നു. ആരോപണമുന്നയിച്ച യുവതിക്ക് അഞ്ച് കോടി രൂപയും വിദേശത്തു രണ്ടു മുറി അപ്പാർട്ട്‌മെന്റും അവർ നൽകിയെന്നും ജാർക്കിഹോളി ആരോപിച്ചു.

അതേസമയം ലൈംഗിക വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണത്തിൽ യെഡിയൂരപ്പ അഴിമതിക്കാരനാണെന്നു ജാർക്കിഹോളി പറയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. യെഡിയൂരപ്പയെ മാറ്റി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി മുഖ്യമന്ത്രിയാകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.