k-surendran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിദ്വേഷപരാമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മതേതര നിലപാട് തെളിയിക്കാൻ അമിത് ഷാ മകളെ കെട്ടിച്ച് കൊടുക്കണോയെന്ന് സുരേന്ദ്രൻ ചോദിച്ചു. അമിത് ഷാ വർഗീയ വാദിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മാന്യമല്ലാത്ത മറുപടി നൽകിയിരിക്കുന്നത്.


ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് അമിത് ഷായ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യൻ വർഗീയതയുടെ ആൾരൂപമാണ് അമിത് ഷായെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാർട്ടിക്ക് മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാൻ പറ്റില്ല. ഇന്നലെ നടന്ന പ്രകടനം എല്ലാവരും കണ്ടതാണ്. പിണറായി വിജയൻ പറയുകയാണ്, അമിത് ഷാ മുസ്ലീമെന്ന് പറയുമ്പോൾ കുറച്ച് കനപ്പിച്ച് പറയുന്നു എന്ന്. എന്ത് ചെയ്യണം, അമിത് ഷാ മകളെ കല്യാണം കഴിപ്പിച്ച് കൊടുക്കണോ. എന്താണ് അമിത് ഷായ്‌ക്കെതിരായ ആരോപണം. എന്താണ് ഈ വർഗീയ ആരോപണത്തിലൂടെ ഉന്നയിക്കുന്നതെന്നും എന്ത് സ്ഥാപിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

മകളുടെ വിവാഹം ആയുധമാക്കിയുള്ള ആക്രമണങ്ങൾക്കെതിരെ പിണറായി നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുടുംബത്തെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികൾ അതൊരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാകും. പിന്നെപ്പിന്നെ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്ത് ലഭിച്ചിട്ടുണ്ടാകും എന്നായിരുന്നു പിണറായിയുടെ പ്രതികരണം.