
മലപ്പുറം: നാളെ നാട്ടിലെത്തുമെന്ന് നിലമ്പൂർ എം എൽ എ പി വി അൻവർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എങ്ങനെ ആഫ്രിക്കയിൽ എത്തപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരിച്ചെത്തുന്നത് 25,000 കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും,പദ്ധതിയിലൂടെ നിരവധി പേർക്ക് ജോലികിട്ടുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഹജ് യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളിയെന്നും പി വി അൻവർ വ്യക്തമാക്കി.
എം എൽ എയെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞമാസം ഫേസ്ബുക്ക് വീഡിയോയുമായി അൻവർ രംഗത്തത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും, നിലമ്പൂരിലെ പാർട്ടി നേതൃത്വത്തിന്റെയും സമ്മതത്തോടെയാണ് താൻ യാത്ര പുറപ്പെട്ടതെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു.