
കറാച്ചി: പാകിസ്ഥാനും ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ലഭിക്കും. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ വാക്സിനുകൾക്കും രോഗ പ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള സഖ്യമായ ഗാവി അലയൻസിന് കീഴിലാണ് പാകിസ്ഥാന് 45 ദശലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത വാക്സിൻ ലഭിക്കുന്നത്. പാകിസ്ഥാനിലെ നാഷണൽ ഹെൽത്ത് സർവീസ് റെഗുലേഷൻ ആൻഡ് കോർഡിനേഷൻ സെക്രട്ടറി ആമിർ അഷ്റഫാണ് ഇക്കാര്യം രാജ്യത്തെ അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചത്.
കഴിഞ്ഞവർഷം സെപ്തംബറിൽ ഗാവി അലയൻസ് പ്രകാരം പാകിസ്ഥാന് കൊവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഏർപ്പെട്ടിരുന്നു. കരാർ പ്രകാരം ലഭിക്കുന്ന 45 ദശലക്ഷം ഡോസ് ഇന്ത്യൻ വാക്സിനിൽ 16 ദശലക്ഷം ഈ വരുന്ന ജൂണിൽ ലഭിക്കും. ശേഷിക്കുന്ന വാക്സിൻ തുടർന്ന് നൽകും.
നേരത്തേ കൊവിഡ് വാക്സിൻ നൽകാമെന്ന് പാകിസ്ഥാന് ചൈന മോഹനവാഗ്ദ്ധാനം നൽകിയിരുന്നു. എന്നാൽ വാക്സിൻ നൽകേണ്ട സമയമായപ്പോൾ അവർ കൈമലർത്തി കാണിച്ചു. വാക്സിൻ നൽകണമെന്ന് പാകിസ്ഥാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ചൈന കേട്ടതായിപ്പോലും നടിച്ചില്ല. പാകിസ്ഥാൻ ആവശ്യപ്പെടുത്ത അളവിൽ വാക്സിൻ നൽകാൻ തങ്ങളുടെ കൈയിൽ സ്റ്റോക്കില്ലെന്നും വേണമെങ്കിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ നൽകാമെന്നും ചൈന പറഞ്ഞിരുന്നു. ഇതാേടെ അമേരിക്കയടക്കുമുളള രാജ്യങ്ങളിൽ നിന്ന് വാക്സിൻ വാങ്ങാൻ ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അതും നടന്നില്ല.
വാക്സിൻ നയതന്ത്രത്തിന്റെ ഭാഗമായി നിരവധി രാജ്യങ്ങൾക്കാണ് ഇന്ത്യ സൗജന്യമായി കൊവിഡ് വാക്സിൻ നൽകിയത്. വികസിത രാജ്യങ്ങൾ പോലും ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ളതും ഇന്ത്യൻ നിർമ്മിത വാക്സിനാണ്.