
കണ്ണൂർ: ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ. സി പി എമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉൾപ്പടെയുളള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാർട്ടിക്ക് ഇത്തവണ വോട്ടുകൾ നഷ്‌ടമാകുമെന്നും ബർലിൻ കുഞ്ഞനന്തൻ നായർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടത്. പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാർത്ഥിയാകില്ല. സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്‌ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബർലിൻ കുഞ്ഞനന്തൻ നായർ സൂചിപ്പിച്ചു.
പി ജയരാജനെ ഒഴിവാക്കിയതിൽ വലിയ അമർഷമുണ്ട്. പാർട്ടിക്കായി ത്യാഗം ചെയ്‌തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരൻ. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണിൽ വിളിച്ച് പറഞ്ഞിരുന്നുവെന്നും ബർലിൻ പറഞ്ഞു.
നേരിട്ട് കാണണമെന്ന് പറഞ്ഞിട്ടും പിണറായി വരാത്തതിൽ പരിഭവമില്ല. സംസ്ഥാനത്ത് പിണറായിയുടെ നേതൃത്വത്തിൽ തുടർഭരണം ഉറപ്പാണെന്നും ബർലിൻ കൂട്ടിച്ചേർത്തു.