pm-modi

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കേ, ഇന്ധനവില നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ.

ഇന്ധനവില വർദ്ധനവ് തന്നെയാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ വിഷയം. ഈ സാഹചര്യത്തിലാണ് വില നിയന്ത്രിക്കാനുള്ള തിരക്കിട്ട നീക്കങ്ങളെന്ന് അഭ്യൂഹങ്ങളുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലെത്തി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് നൂറ് രൂപ കടന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി ഇന്ധനവിലയിൽ വ്യത്യാസം വന്നിട്ടില്ല. പെട്രോളിനും ഡീസലിനുമുള്ള നികുതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗമാണ്.

രാജ്യത്തെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും, എന്നാൽ സർക്കാരിനു മുന്നിൽ 'ഭയാനകമായ അവസ്ഥ' ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. സർക്കാർ എന്ത് നികുതി ഈടാക്കിയാലും, അതിൽ 41 ശതമാനം സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും, ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള മാർഗം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.