
ന്യൂഡൽഹി: കൊവിഡ് കാലം മറ്റ് രാജ്യങ്ങൾക്കെന്നപോലെ ഇന്ത്യയ്‌ക്കും വലിയ സാമ്പത്തിക തകർച്ചയാണ് നൽകിയത്. നിരവധി നിയന്ത്രണങ്ങളെ തുടർന്ന് വിപണിയിലുണ്ടായ കുറവായിരുന്നു ഇത്. എന്നാൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ സാമ്പത്തികമായി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.
2021 സാമ്പത്തിക വർഷം ആഭ്യന്തര ഉൽപാദനത്തിൽ 9.9 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു 2020 ഡിസംബറിലെ പ്രവചനം. എന്നാൽ വിപണി മെച്ചപ്പെട്ടതോടെ ഇടിവ് 7.4 ശതമാനം മാത്രമായിരിക്കുമെന്നാണ് നിലവിലെ അനുമാനം. മാത്രമല്ല 2022 സാമ്പത്തികവർഷം ഇന്ത്യയിൽ വിപണിയുടെ ഉണർവിന് പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികളുടെ സഹായത്തോടെ 12.6 ശതമാനത്തിന്റെ കുത്തനെയുളള വളർച്ചയാണ് ഇന്ത്യ നേടുക. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുളള സംഘടനയായ ഓർഗനൈസേഷൻ ഫോർ എക്കണോമിക്ക് കൊ ഓപറേഷൻ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) പുറത്തിറക്കിയ ഇടക്കാല റിപ്പോർട്ടിലാണ് ഈ വിവരമുളളത്.
'കൊവിഡ് കാലത്തിന് മുൻപ് സ്വീകരിച്ചതിലുമധികം സാമ്പത്തിക ഉയർച്ചയ്‌ക്കുളള ഉൽപാദന, നിർമ്മാണ നടപടികൾ സ്വീകരിച്ചിരിക്കുന്നത് വഴി ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വലിയ വളർച്ചയുണ്ടാകും.' റിപ്പോർട്ടിൽ പറയുന്നു. ലോകത്തെയാകെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ഒരു ശതമാനം കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ നില മെച്ചപ്പെടുന്നത്. ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണം വളരെ മികച്ചതാണെന്നും ഇടക്കാല റിപ്പോർട്ടിലുണ്ട്. സാമ്പത്തിക വളർച്ച ഉയരത്തിലെത്താൻ നിലവിലെ വളർച്ച തുടരേണ്ടതുണ്ടെന്നും ഒഇഡിസി ചൂണ്ടിക്കാട്ടുന്നു.
റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നടത്തിയ പ്രവചനം അനുസരിച്ച് 2021 സാമ്പത്തികവർഷം ഇന്ത്യയിൽ 8 ശതമാനം ഇടിവ് ഉണ്ടാകും എന്നാൽ 2022 സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച നേടുമെന്നും ക്രിസിൽ അറിയിക്കുന്നു. എന്നാൽ രാജ്യത്തെ സാമ്പത്തിക വളർച്ച എളുപ്പമല്ല. കാരണം കൊവിഡ് മൂലമുളള പ്രതിസന്ധികളും വരുമാന നഷ്‌ടവും രാജ്യത്തെ ഗ്രാമങ്ങളിലെ ജനതയ്‌ക്കേറ്റ തിരിച്ചടിയെക്കാൾ നഗരങ്ങളിലായിരുന്നു കൂടുതൽ. ഇവിടങ്ങളിൽ ചെറുകിട കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും വലിയ തിരിച്ചടി നേരിട്ടു.
2023-25 സാമ്പത്തിക വർഷങ്ങളിൽ ആഭ്യന്തര ഉൽപാദനിരക്ക് 6.3 ശതമാനമായിരിക്കുമെന്നും ക്രിസിൽ സൂചിപ്പിക്കുന്നു. മുൻപ് ഇത് 6.7 ആയിരിക്കും എന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ ഈ വളർച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെയും ആഭ്യന്തര ഉൽപാദന നിരക്കിനെക്കാൾ കൂടുതലാണ്. 5.8 ആണ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെയും വളർച്ചാ നിരക്ക്.