modi-geetha-gopinath

ന്യൂഡൽഹി: ഇന്ത്യൻ ജി.ഡി.പിയുടെ ശക്തമായ തിരിച്ചുവരവ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവാകുമെന്ന് മലയാളിയും ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്‌റ്റുമായ ഗീത ഗോപിനാഥ് പറഞ്ഞു. ലോക സമ്പദ്‌രംഗത്തെ തകിടംമറിച്ച കൊവിഡിൽ നിന്ന് അതിവേഗം മുക്തമാകാൻ ഒട്ടേറെ രാജ്യങ്ങൾക്ക് ഇന്ത്യയുടെ 'വാക്‌സിൻ നയം" സഹായകമായിട്ടുണ്ട്. ആഗോള ജി.ഡി.പിയിൽ ഉപഭോക്തൃ വാങ്ങൽശേഷി (പർച്ചേസിംഗ് പവർ) നോക്കിയാൽ ഇന്ത്യയുടെ സംഭാവന ഏഴ് ശതമാനമാണ്.

അതായത്, ഇന്ത്യ വളരുമ്പോൾ ലോകവും വളരും; പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ. പ്രതിവർഷം ശരാശരി ആറു ശതമാനം സമ്പദ്‌വളർച്ച നേടിയിരുന്ന ഇന്ത്യയ്ക്ക് കൊവിഡ് ഏൽപ്പിച്ചത് കനത്ത ആഘാതമാണ്. നടപ്പുവർഷം വളർച്ചാനിരക്ക് നെഗറ്റീവ് എട്ടുശതമാനമായി ഇടിഞ്ഞേക്കും. എന്നാൽ, സമ്പദ്‌രംഗത്ത് തിരിച്ചുവരവ് ദൃശ്യമാണെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമായത് നേട്ടമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം (2021-22) പോസിറ്റീവ് 11.5 ശതമാനം വളർച്ചയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യൻ ജി.ഡി.പി 2021-22ൽ 12.6 ശതമാനം വളരുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ ഒ.ഇ.സി.ഡിയും അഭിപ്രായപ്പെട്ടു. ജി20 രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. 2020-21ൽ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്ന വളർച്ച നെഗറ്റീവ് 7.4 ശതമാനമാണ്.