
ഡെറാഡൂൺ:പൗലി മണ്ഡലത്തിൽ നിന്നുളള ലോക്‌സഭാംഗവുമായ തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരാത്തിന് സ്ഥാനം ലഭിക്കുന്നത്. 2013-15 കാലത്ത് തിരാത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ പല നേതാക്കളെയും ഒഴിവാക്കിയാണ് തിരാത്തിന്റെ പേര് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്നുതന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജനപ്രിയനായ തിരാത്ത്
പൗലി മണ്ഡലത്തിൽ നിന്നും 2019 തിരഞ്ഞെടുപ്പിൽ 3.50 ലക്ഷം വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ലോക്‌സഭാംഗമായത്. മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹം എം.പി സ്ഥാനം രാജിവയ്‌ക്കും.
ഉത്തരാഖണ്ഡിൽ നിന്നുളള ലോക്‌സഭാംഗം രമേശ് പോഖ്‌റിയാൽ, ഉത്തരാഖണ്ഡ് മന്ത്രിസഭാംഗം ധൻ സിംഗ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തിരഞ്ഞെടുത്തത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ്. പതിനൊന്ന് മാസത്തിനകം വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ തിരികെയെത്തിക്കാനുളള ഉത്തരവാദിത്വവും തിരാത്തിനാണ്. മുൻ ആർ.എസ്.എസ് പ്രവർത്തകനായ തിരാത്ത് തന്റെ സ്ഥാനലബ്‌ധി അപ്രതീക്ഷിതമാണെന്നും പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നതായും പ്രതികരിച്ചു