gangrape-case

കാൺപൂർ: 13 വയസുള‌ള മകളെ മൂന്നുപേർ ചേർന്ന് കൂട്ടമാനഭംഗപ്പെടുത്തിയതിനെതിരെ പരാതി നൽകിയ അച്ഛൻ സംഭവം നടന്ന് രണ്ടാം ദിവസം വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പീഡനത്തിനിരയായ മകളെ പരിശോധനകൾക്കായി കൊണ്ടുവന്ന ആശുപത്രിയുടെ മുന്നിൽവച്ചാണ് പെൺകുട്ടിയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചത്.

പീഡിപ്പിച്ച കേസിലെ പ്രധാനപ്രതിയായ ഗോലു സിംഗിന്റെ അച്ഛൻ കാൺപൂരിനടുത്ത് കനൗജിലെ പൊലീസ് സബ് ഇൻസ്‌പെക്‌ടറാണ്. ഗോലു അറസ്‌റ്റിലായിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ അച്ഛൻ മുൻപ് പരാതിപ്പെട്ടിരുന്നു. സ്ഥലത്തെ പൊലീസിന് ഇതിൽ പങ്കുണ്ടെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അപകടമുണ്ടായത്.

മകന്റെ മരണത്തിന് പിന്നിലും പൊലീസിന് പങ്കുണ്ടെന്ന് ഇയാളുടെ അച്ഛൻ ആരോപിച്ചു. പ്രതി ഗോലു സിംഗിന്റെ മൂത്ത ജ്യേഷ്‌ഠനും മ‌റ്റ് ബന്ധുക്കളും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

കുട്ടിയെ പരിശോധനയ്‌ക്ക് കൊണ്ടുവന്ന അച്ഛൻ ചായകുടിക്കാൻ പുറത്തിറങ്ങിയപ്പോൾ ലോറി അപകടത്തിൽ മരിക്കുകയായിരുന്നെന്ന് കാൺപൂർ പൊലീസ് മേധാവി പ്രീതീന്ദർ സിംഗ് അഭിപ്രായപ്പെട്ടു. രണ്ട് കേസുകളിലും കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് യു.പി പൊലീസ് അറിയിച്ചു.