
ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വാഹന വിപണിക്ക് വലിയ പ്രതീക്ഷയേകുന്ന നിർദ്ദേശവുമായി നീതി അയോഗ്. റോക്കി മൗണ്ടൻ ഇൻസ്‌റ്റിറ്റ്യൂഷനൊപ്പം നീതി അയോഗ് പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് വൈദ്യുതി വാഹന വിപണി രാജ്യത്ത് ശക്തമാക്കാൻ വായ്‌പ നൽകുന്നതിലും പലിശ നിരക്കിലും ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് വാഹനങ്ങൾക്ക് ഫിനാൻസിംഗ് നൽകുന്ന ബിസിനസ് 4.5 ലക്ഷം കോടിയുടെയാണ്. ഇതിന്റെ 80 ശതമാനത്തിലധികം ഏതാണ്ട് 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇലക്‌ട്രിക് വാഹന വിപണിയ്‌ക്ക് നൽകേണ്ടി വരിക.
വാഹനങ്ങൾ മാത്രമല്ല അവയുമായി ബന്ധപ്പെട്ട മേഖലകളിലും വികസനത്തിന് മതിയായ നിക്ഷേപം ആവശ്യമാണ്. 2030ൽ 19.7 ലക്ഷം കോടിയുടെ നിക്ഷേപം വാഹനങ്ങൾക്കും അവയുടെ ബാറ്ററി ചാർജിംഗിനും വാഹനം ചാർജ് ചെയ്യാനുളള സ്‌റ്റേഷനുകൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിവരും. നിലവിൽ ശക്തിപ്പെട്ട് വരുന്ന വൈദ്യുത വാഹന വിപണിയിൽ ഇതിനെല്ലാം പ്രയാസം നേരിടുന്നുണ്ട്. ഒപ്പം വലിയ ഇൻഷുറൻസ് നിരക്കും ഇത്തരം വാഹനങ്ങൾ അറ്റകുറ്റപണി നടത്താനുളള അസൗകര്യവും. ഇതെല്ലാം പരിഹരിക്കാൻ റിപ്പോർട്ടിൽ പ്രത്യേക 'ടൂൾകിറ്റും' നിർദ്ദേശിച്ചു. പത്ത് വർഷത്തിനകം രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം അഞ്ച് കോടിയാകുമെന്ന് നീതി അയോഗ് റിപ്പോർട്ട് കണക്കുകൂട്ടുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ സെക്കന്റ്‌ഹാന്റ് വിൽപനയും ശക്തമാക്കാനും അത്തരം കാർവിപണിയ്‌ക്കും മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവ ഉറപ്പുവരുത്താൻ നടപടിയുണ്ടാകണമെന്നും രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നീതി അയോഗ് ആർഎംഐ റിപ്പോർട്ട് നിർദേശം നൽകുന്നു.