death

കാസർകോട് : കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഭർതൃഗൃഹത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത. അമ്പലത്തറ റസാഖിന്റെ ഭാര്യ നൗഷീറയുടെ (26)​ മരണമാണ് സംഭവമുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും ദുരൂഹമായി അവശേഷിക്കുന്നത്. കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടി നൗഷീറ മരണമടഞ്ഞതായാണ് പോസ്റ്റുമോർട്ടം കണ്ടെത്തലെങ്കിലും രാസപരിശോധനാഫലം ഉൾപ്പെടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ സംഭവം തൂങ്ങിമരണമാണോ അപായപ്പെടുത്തിയതാണോയെന്ന് വ്യക്തമാക്കാനാകൂവെന്നാണ് പൊലീസിന്റെ നിലപാട്. നൗഷീറയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഭർത്താവ് റസാഖിനെ (35)​ പൊലീസ് ചോദ്യം ചെയ്തെങ്കിലും നൗഷീറയുടെ ബന്ധുക്കൾ ഉന്നയിക്കുന്ന സംശയങ്ങൾ ദുരൂകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ

കഴിഞ്ഞമാസം 13ന് പുലർച്ചെ ഒന്നരമണിയോടെയാണ് കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കിൽ ഷാളുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട നിലയിൽ നൗഷീറ യെ കണ്ടെത്തിയത്.നൗഷീറ- റസാഖ് ദമ്പതികളും കുട്ടികളും റസാഖിന്റെ മാതാപിതാക്കളും മാത്രമാണ് ഭർതൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടിൽ താമസം. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് പകൽ പുറത്ത് പോയിരുന്ന നൗഷീറയും ഭർത്താവും കുട്ടികളും 12ന് പുലർച്ചെയോടെ പാറപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഇരുനില വീടിന്റെ മുകൾ നിലയിലുള്ള കിടപ്പ് മുറിയിൽ നിന്ന് താഴെ അടുക്കളയിലേക്ക് ചായകുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് റസാഖ് പൊലീസിനോട് പറഞ്ഞത്. വാതിൽ പൊളിച്ച് ഫാനിന്റെ ഹുക്കിൽ കെട്ടിയ ഷാൾ മുറിച്ച് താൻ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു. കെട്ടറുത്തശേഷം അയൽവാസിയുടെസഹായത്തോടെ നൗഷീറയെ ആശുപത്രിയിലെത്തിച്ചതായും റസാഖ് പൊലീസിനോട് പറഞ്ഞിരുന്നു. തന്റെ ഉമ്മയെയും കൂട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് നൗഷീറയെ ആദ്യം എത്തിച്ചതെന്നാണ് റസാഖ് പൊലീസിനോട് വെളിപ്പെടുത്തിയത്.

ആത്മഹത്യയെന്ന വാദം പൊലീസ് വിശ്വസിക്കുന്നില്ല

യുവതിയുടെ നില ഗുരുതരമായതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണമടയുകയായിരുന്നു. ഫെബ്രുവരി 13ന് കുട്ടികളെയും കൂട്ടി പുറത്തുപോയിരുന്ന നൗഷിറയും റസാഖും തമ്മിൽ വഴക്കുണ്ടായി. ടൂർ കഴിഞ്ഞ് മടങ്ങിയെത്തിയശേഷവും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി കലഹിച്ചു. ഇതിനിടെ നൗഷിറ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും റസാഖ് ഇത് കാര്യമാക്കിയില്ല. വഴക്കിന് ശേഷം റസാഖ് റൂമിൽ നിന്ന് താഴത്തെ നിലയിലെ അടുക്കളയിലേക്ക് ഇറങ്ങിയപ്പോൾ നൗഷീറ റൂം അകത്തുനിന്ന് അടച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റസാഖിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളിൽ ഇരുവരും തമ്മിൽ വഴക്കിട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. ഇതേതുടർന്നാണ് പൊലീസ് റസാഖിനെ ചോദ്യം ചെയ്തതെങ്കിലും റസാഖിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. നൗഷീറയുടെ സ്വന്തം വീട് പാണത്തൂരിലാണ്. അബുദാബിയിൽ ടെയ്ലറിംഗ് ഷോപ്പ് നടത്തുന്ന റസാഖ് കൊവിഡ് സാഹചര്യത്തിൽ എട്ടു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. 5 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് നാലും ഒരു വയസ്സുമുള്ള രണ്ട് പെൺകുട്ടികളുണ്ട്.

കാത്തിരിക്കുന്നത് ആന്തരികാവയങ്ങളുടെ പരിശോധനാഫലം

പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് മരണമെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ, തൂങ്ങിമരണമാണോ കെട്ടിത്തൂക്കിയതാണോ എന്ന് വ്യക്തമാകാത്ത സാഹചര്യമാണുള്ളത്. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയ്ക്കും രാസപരിശോധനയിലും മാത്രമേ മരണ കാരണം വ്യക്തമാകൂ. നൗഷീറയുടെ മരണത്തിലെ ദുരൂഹതയ്ക്ക് പരിഹാരം കാണണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തികരമായ നടപടിയുണ്ടാകാത്ത പക്ഷം ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ നിസ്സാര വഴക്കിനെ തുടർന്ന് നൗഷിറ ആത്മഹത്യ ചെയ്യാനിടയില്ലെന്നും ആത്മഹത്യയാണെങ്കിൽ അതിന് പ്രേരകമായ കാരണം കണ്ടെത്താൻ പൊലീസ് തയ്യാറാകണമെന്നും നൗഷീറയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.