
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ നിർണായക വേഷത്തിൽ അർജുൻ അശോകൻ എത്തുന്നു.വരത്തൻ, ട്രാൻസ് എന്നീ ഫഹദ് ഫാസിൽ ചിത്രങ്ങളിൽ അർജുൻ അശോകൻ അഭിനയിച്ചിട്ടുണ്ട്. അർജുൻ അശോകൻ നായക വേഷത്തിൽ എത്തുന്ന മെമ്പർ രമേശൻ ഒൻപതാം വാർഡ് റിലീസിന് ഒരുങ്ങുകയാണ്. രജിഷ വിജയനാണ് മലയൻകുഞ്ഞിലെ നായിക.ദീപക് പറമ്പോൽ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. ഫഹദിന് പരിക്കേറ്റതിനെ തുടർന്ന് നിറുത്തിവച്ച ചിത്രീകരണം ഇരുപത് ദിവസത്തിനുശേഷം പുനനാരംഭിക്കും.ഫാസിലാണ് മലയൻകുഞ്ഞ് നിർമിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ടുവർഷങ്ങൾക്കുശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് മലയൻകുഞ്ഞിന്റെ മറ്രൊരു പ്രത്യേക.മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥാകൃത്ത്. അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക് മേയ് 13ന് തിയേറ്രറിൽ എത്തും.