
ജമ്മു: കഴിഞ്ഞദിവസം ജമ്മുകാശ്മീരിൽ നിന്ന് ലഭിച്ച പാകിസ്ഥാന്റെ ഔദ്യോഗിക വിമാന ആകൃതിയിലുള്ള ബലൂണിന്റെ ചിത്രത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ചിത്രം വാർത്താ ഏജൻസി പുറത്തവിട്ട് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ചിത്രത്തിന് താഴെയുള്ള കമന്റുകളിൽ ഏറെയും പാകിസ്ഥാനെ കളിയാക്കിക്കൊണ്ടുള്ളതാണ്. 2021ൽ പാകിസ്ഥാന്റെ വ്യോമയാന രംഗത്തെ നാഴികക്കല്ല് എന്ന തലക്കെട്ടോടെ ബലൂണിനെ അതേപടി മ്യൂസിയത്തിൽ സൂക്ഷിക്കണം എന്നയായിരുന്നു ഒരു കമന്റ്. എന്റെ മകന്റെ ബലൂൺ കഴിഞ്ഞദിവസം കാണാതെ പോയിരുന്നു. അതാണ് ഇത്. ദയവായി തിരിച്ചുതരൂ.. എന്നായിരുന്നു മറ്റൊരു കമന്റ്. സംഭവത്തെ ലാഘവബുദ്ധിയോടെ കാണാതെ ഗൗരവത്തോടെ കാണണമെന്നും പാകിസ്ഥാൻ നൽകുന്ന എന്തെങ്കിലുമൊരു സൂചനയായിരിക്കും ഇതെന്നാണ് മറ്റുചിലർ പറയുന്നത്.
കഴിഞ്ഞദിവസം ജമ്മുകാശ്മീരിലെ സോത്ര ചക് പ്രദേശത്ത് ഗ്രാമവാസികളാണ് ബലൂൺ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബലൂൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താനായില്ല എന്നാണ് പൊലീസ് നൽകുന്ന സൂചന. സഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താൻ പാകിസ്ഥാൻ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ചില ഉപകരണങ്ങൾ പലപ്പോഴായി ജമ്മുകാശ്മീരിലെ പല ഭാഗങ്ങിലായി നേരത്തേ ലഭിച്ചിരുന്നു. പ്രാവുകളുടെയും യാക്കുകളുടെയും മറ്റും ശരീരത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ച ശേഷം ഇന്ത്യൻ അതിർത്തി കടത്തിവിട്ട് രഹസ്യങ്ങൾ ചോർത്തുന്ന രീതി പാകിസ്ഥാൻ ഇപ്പോഴും പിന്തുടരുന്നുണ്ട്.