
കോയമ്പത്തൂർ: മഹാശിവരാത്രിക്ക് ആതിഥേയത്വം വഹിക്കാൻ ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂർ ആസ്ഥാനം ഒരുങ്ങുന്നു. ഇന്ന് സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ രാത്രിയുടനീളമുള്ള ആഘോഷ പരിപാടികൾക്കൊപ്പം പ്രത്യേക ധ്യാനവും അർദ്ധരാത്രി ധ്യാനവുമുണ്ടായിരിക്കും.
കൊവിഡ് പ്രോട്ടോക്കോൾ കാരണം ഇഷയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. അതുകൊണ്ട് കൂടുതൽ പേരും ഓൺലൈനിലൂടെയാണ് ആഘോഷങ്ങളിൽ പങ്കെടുക്കുക. വ്യക്തിഗത സമ്മേളനങ്ങൾക്കായി മെഡിക്കൽ സ്‌ക്രീനിംഗ്, സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.
ആഘോഷം ഇംഗ്ലീഷിലും 11 ഇന്ത്യൻ ഭാഷകളിലും isha.sadhguru.org/msrൽ തത്സമയം സംപ്രേഷണം ചെയ്യും. വിശിഷ്ട കലാകാരന്മാരുടെ കലാവിരുന്നിനൊപ്പം ഇഷ സംസ്‌കൃതിയിലെ വിദ്യാർത്ഥികളുടെ നൃത്ത - സംഗീത പരിപാടികളും കാണാം. യോഗയുടെ ഉത്ഭവത്തെ ചിത്രീകരിക്കുന്ന വർണാഭവും സംഗീതാത്മകവുമായ ആദിയോഗി ദിവ്യദർശനം മഹാശിവരാത്രി ദിനമായ ഇന്നും പ്രദർശിപ്പിക്കും.