money

കൊച്ചി: പിണറായി വിജയൻ സർക്കാർ അതിന്റെ അവസാന പാദത്തിലേക്ക് കടന്നിരിക്കുകയാണിപ്പോൾ. ഈ സർക്കാർ പ്രതിദിനം കടമെടുക്കുന്നത് ഏകദേശം 50 കോടിയോളം രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 57 മാസം നീണ്ട ഭരണത്തിൽ 84,457.49 കോടി രൂപ സർക്കാർ കടമെടുത്തു. നിലവിൽ കേരളത്തിന്റെ ആകെ കടം 1,94,188.46 കോടി രൂപയാണ്. അതായത് ഓരോ കേരളീയനും 55,778.34 രൂപയുടെ കടക്കാരനാണ്.

ഈ സർക്കാർ അധികാരത്തിലെത്തും മുൻപ് ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ആകെ കടം 1,08,730.97 കോടി രൂപയായിരുന്നു. നിലവിൽ 77 ശതമാനമാണ് കടബാദ്ധ്യതയിൽ വന്നിരിക്കുന്ന വർദ്ധനവ്. ഒരു മാസം സർക്കാർ കടമെടുക്കുന്നത് 1481.71 കോടി രൂപയാണ്. കഴിഞ്ഞ സർക്കാർ അധികാരമൊഴിയുമ്പോൾ ആളോഹരി കടബാദ്ധ്യത 32,129.23 രൂപയായിരുന്നു. ഇതാണ് ഇപ്പോൾ 50000 കടന്നിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം ഡിസംബർ വരെ റവന്യൂ വരുമാനം 61,670.40 കോടി രൂപയാണ്. ഒരു മാസത്തെ ശരാശരി നോക്കിയാൽ 6852.22 കോടി രൂപ. റവന്യൂ വരുമാനം മുഖ്യപങ്കും ജീവനക്കാർക്ക് ശമ്പളത്തിനും പെൻഷനുമാണ് ചെലവാക്കുന്നത്. പ്രതിമാസ ചെലവ് നോക്കിയാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് 2419.30 കോടി, പെൻഷൻ 1550.90 കോടി, മന്ത്രിമാരുടെ ശമ്പളം19.40 കോടി, എം.എൽ.എമാരുടെ ശമ്പളം 60.50 ലക്ഷം, യുവജന ക്ഷേമ കമ്മീഷൻ ചെയർപേഴ്‌സണും ഓഫീസിനും നൽകുന്നത് 8.55 ലക്ഷം എന്നിങ്ങനെയാണ്.

സംസ്ഥാന സർക്കാർ കടമെടുക്കുന്നത് കേന്ദ്ര സർക്കാരിൽ നിന്നും മ‌റ്റ് പല ഏജൻസികളിൽ നിന്നുമാണ്. 'ദി പ്രോപ്പർ ചാനൽ' എന്ന സംഘടനയുടെ പ്രസിഡന്റും എറണാകുളം സ്വദേശിയുമായ എം.കെ ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.