
കൊച്ചി: മാതൃഭൂമി മുൻ ചീഫ് ഫോട്ടോഗ്രാഫർ സി.കെ. ജയകൃഷ്ണന്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ വാർത്താചിത്ര അവാർഡിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി. 10001 രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലോക്ഡൗണിൽ സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങി മടങ്ങുന്ന കുടുംബത്തിന്റെ കൈയിൽ നിന്നും സഞ്ചിയുടെ പിടി പൊട്ടി അരി റോഡിൽ വീഴുമ്പോഴുള്ള ദൈന്യതയായിരുന്നു ചിത്രം. മംഗളം ഇടുക്കി ബ്യൂറോ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ എം. ബേബി (എയ്ഞ്ചൽ അടിമാലി), ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഫോട്ടോഗ്രാഫർ ടി.കെ. ദീപപ്രസാദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. മാർച്ച് 13 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കൊച്ചിയിൽ നടക്കുന്ന സി.കെ. ജയകൃഷ്ണൻ അനുസ്‌മരണ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
കേരള പത്രപ്രവർത്തക യൂണിയൻ നൽകുന്ന വിക്‌ടർ ജോർജ് അവാർഡ്, എൻ.വി. പ്രഭു സ്‌മാരക മാദ്ധ്യമ അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മാദ്ധ്യമ അവാർഡ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മാദ്ധ്യമ പുരസ്‌കാരം, ആലപ്പുഴ ബീച്ച് ഫെസ്റ്റ് ടൂറിസം ഫോട്ടോഗ്രാഫി അവാർഡ് (2011,2012), പത്രാധിപർ സ്‌മാരക മാദ്ധ്യമ അവാർഡ്, പബ്ളിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ മാദ്ധ്യമ അവാർഡ്(2014,2015), സംസ്ഥാന സ്‌കൂൾ കലോത്സവ മാദ്ധ്യ അവാർഡ്, കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് (2018,2019), ഫോട്ടോ വൈഡ് ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ്, ഗാന്ധി ഭവൻ ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ സുധർമ്മദാസ് നേടിയിട്ടുണ്ട്. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി രാധ ദമ്പതികളുടെ മകനാണ് സുധർമ്മദാസ് ഭാര്യ സന്ധ്യ (901 സർവീസ് സഹകരണ ബാങ്ക് പൂച്ചാക്കൽ) മകൾ നിവേദിത രാജഗിരി സ്‌കൂൾ രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ്.