
വാഷിംഗ്ടൺ: ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ഫിലിം അർക്കൈവ്സിന്റെ ഫിയാഫ് പുരസ്കാരം ബോളിവുഡ് നടൻ അമിതാഭ് ബച്ചന്. ഫിയാഫ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചൻ. ഫിലിം ആർക്കൈവ്സിന് ബച്ചൻ നൽകിയ സംഭാവനകൾ പരിഗണിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തത്. 19 ന് വെർച്വലായി നടക്കുന്ന ചടങ്ങിൽ ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫർ നോളൻ, മാർട്ടിൻ സ്‌കോർസേസ് എന്നിവർ ചേർന്ന് ബച്ചനെ ആദരിക്കും. 2015 മുതൽ ബച്ചൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവർത്തിക്കുകയാണ്.
പുരസ്‌കാരം ലഭിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ സിനിമാ പാരമ്പര്യത്തിൽ അഭിമാനമുണ്ട്. ബൃഹത്തായ ആ പാരമ്പര്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. എനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു- ബച്ചൻ പറഞ്ഞു.