
ഏറ്റവും കൂടുതൽ കണ്ട സിനിമയേത് എന്ന് ചോദിച്ചാൽ ഭൂരിഭാഗം മലയാളികളും ഒരുപക്ഷേ പറയുക മണിച്ചിത്രത്താഴ് എന്നായിരിക്കും. റിലീസ് ചെയ‌്‌ത് 27 വർഷങ്ങൾ കഴിയുമ്പോഴും, നാഗവല്ലിയും സണ്ണിയും പ്രേക്ഷകന് പുതുമയാണ്. സിനിമയുടെ പിന്നണിക്കഥകളും ഏറെ പ്രശസ്‌തമാണ്. അത്തരത്തിലൊന്ന് പങ്കുവയ‌്ക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ.
'മണിച്ചിത്രത്താഴിന്റെ ഡബ്ബിംഗ് ഫുൾ തീർത്തിട്ട് എല്ലാവരും ഹാപ്പിയായി പിരിഞ്ഞു. എന്നാൽ രാത്രിയിൽ പാച്ചിക്കയെ ( ഫാസിൽ) മോഹൻലാൽ വിളിച്ചിട്ട്, തൃപ്‌തിയായിട്ടില്ലെന്നും ഒന്നുകൂടെ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു. ഞാനും സിദ്ദിഖും ലാലുമൊക്കെ മറ്റൊരു റൂമിലിരിക്കുകയാണ്. പാച്ചിക്ക വന്ന് ഞങ്ങളോട് കാര്യം പറഞ്ഞു. മോഹൻലാലിന് ഇഷ്‌ടപ്പെട്ടിട്ടില്ലെന്നും, ഒന്നുകൂടെ ഡബ്ബ് ചെയ്യണമെന്നാണ് പറയുന്നതെന്ന് പാച്ചിക്ക അറിയിച്ചു. പിറ്റേദിവസം ജോയി തിയേറ്ററിൽ വിളിച്ചു പറയാനും വേണ്ട കാര്യങ്ങൾ ചെയ്‌തു.
രാവിലെ മോഹൻലാൽ വന്നു. ഞങ്ങൾ ഓകെയാണെന്ന് പാച്ചിക്ക ലാലിനോട് പറഞ്ഞു. പക്ഷേ മോഹൻലാലിന് തൃപ്‌തിയായിട്ടില്ല. ആ ഒമ്പത് മിനിട്ട് സമയമാണ് ആൾക്കാരെ പിടിച്ചിരുത്തുന്നത്. അവിടെ ആൾക്കാർ അൽപം ഡിസ്‌റ്റർബ് ആയാൽ സിനിമ ടോട്ടലി ഡിസ്‌റ്റർബ് ആകും. ഒരു ആർട്ടിസ്‌റ്റ് ഇങ്ങനെ നിന്നിട്ട് മോണോ ഡയലോഗ് പറയുകയാണ്. അപാരമായ കഴിവുള്ള ഒരു ആർട്ടിസ്‌റ്റിന് മാത്രമേ ഓഡിയൻസിനെ അത്രയും സമയം പിടിച്ചിരിത്താൻ കഴിയൂ. അതാണ് സിനിമയുടെ മർമ്മം. മോഹൻലാലിനും ഫാസിലിനും അതറിയാം. ഡബ്ബ് ചെയ‌്തത് ഒന്നുകൂടി കണ്ടതോടെ മോഹൻലാലിന് ഓകെയായി. വീണ്ടും എടുക്കേണ്ടിയും വന്നില്ല. അതൊരു നടന്റെ കഴിവാണ്. നമ്മളെ എല്ലാവരെയും പിടിച്ചിരുത്തികളയും'.