
ബോളിവുഡിൽ സജീവമാകുന്ന റോഷൻ മാത്യുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ
ഡാർലിംഗിലൂടെ വീണ്ടും 
ബോളിവുഡിലേക്ക്
ഷാരൂഖ് ഖാന്റെ നിർമ്മാണം , ആലിയ - വിജയ് വർമ്മ ചിത്രം. ഇത്രയും വലിയൊരു ടീമിന്റെ കൂടെ ബോളിവുഡിൽ രണ്ടാമത്തെ ചിത്രം അതാണ് ഏറ്റവും വലിയ സന്തോഷം. ഈ മാസം പതിനേഴിന് ഡാർലിംഗിൽ ജോയിൻ ചെയ്യും. ഡാർലിംഗ് ഒരു സ്ത്രീ കേന്ദ്രികൃത ചിത്രമാണ്. ജസ്മീത് കെ റീൻ ആണ് സംവിധാനം ചെയ്യുന്നത്. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ടു മാസത്തേക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നത്. സിനിമയിലെ എന്റെ കഥാപാത്രം പ്രധാനപ്പെട്ടതാണ്.ആലിയ ഭട്ടിനൊപ്പവും വിജയ് വർമ്മയ്ക്കൊപ്പവും അഭിനയിക്കുന്നത്തിന്റെ ത്രില്ലിലാണ്.
റോഷന് കൈനിറയെ ചിത്രങ്ങൾ
പൃഥ്വിരാജ് സുകുമാരൻ ചിത്രം കുരുതിയിൽ അഭിനയിച്ചാണ് ഈ വർഷത്തിന്റെ തുടക്കം. വിക്രം ചിത്രം കോബ്രയിലെ ചില ഭാഗങ്ങൾ  പൂർത്തീകരിക്കാനുണ്ട്. സിബി മലയിൽ സാറിന്റെ ചിത്രം കൊത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യർ ചിത്രം ചതുരത്തിൽ ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. പാർവതി തിരുവോത്തുമായി അഭിനയിച്ച വർത്തമാനം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മലയാളം ആന്തോളജി ചിത്രം ആണും പെണ്ണുമാണ് മറ്റൊരു റിലീസ്. ഇതിൽ ഉണ്ണി ആറിന്റെ രചനയിൽ ചെറുക്കനും പെണ്ണും എന്ന ചിത്രത്തൽ  നായകനാകുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്നു ചിത്രത്തിൽ ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നു. മാർച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.
പുതിയ തയ്യാറെടുപ്പുകൾ
മലയാളത്തിലും മറ്റു ഭാഷകളിലും എനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്. ഒപ്പം അഭിനയിക്കണമെന്ന് തോന്നിയ താരങ്ങൾ,സംവിധായകർ ,ടെക്നിഷ്യൻമാർ തുടങ്ങി എന്നെ എക്സ്സൈറ്റ് ചെയ്ത അവരോടൊപ്പം വർക്ക് ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ട്. വരുന്ന കഥാപാത്രങ്ങൾ നിലവിൽ അവസാനം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണോയെന്ന് നോക്കും. ഒരു നല്ല ടീമിന്റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളതാണ് മുൻഗണന. അതിപ്പോൾ മുൻപും അങ്ങനെയാണ് ഓരോ തിരഞ്ഞെടുപ്പും നടത്തിയത്.
നെഗറ്റിവിറ്റികളെ റോഷൻ എങ്ങനെ നേരിടുന്നു ?
നെഗറ്റിവിറ്റികളിലൂടെ കടന്നു പോവുമ്പോൾ എപ്പോഴും ഒരേ വഴിയിലൂടെ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഓരോ പ്രാവശ്യവും പുതിയതാണ് .അതിനുണ്ടാക്കുന്ന കാരണങ്ങളും പുതിയതാണ്.അതുകൊണ്ട് തന്നെ അത്തരത്തിലുള്ള നെഗറ്റിവിറ്റികളിൽ നിന്ന് പുറത്തു കടക്കാൻ പുതിയ വഴികൾ കണ്ടുപിടിച്ചേ മതിയാവുകയുള്ളു. ജീവിതത്തിൽ ചില കാര്യങ്ങൾ മാറ്റണം എന്ന് വിചാരിക്കുമ്പോൾ അത് മാറ്റാൻ വേണ്ടി സഹായിക്കുമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യാൻ ശ്രമിക്കും. ചില സമയത്ത് അത് വർക്കാവും. ചിലപ്പോൾ അത് ശരിയാവില്ല. ചിലപ്പോൾ സുഹൃത്തുക്കളുടെ സഹായം തേടേണ്ടിവരും .
റോഷൻ അഹങ്കാരിയാണെന്ന് പറയുന്നവരുണ്ടാവാം... അവരോട് റോഷന് എന്താണ് പറയാനുള്ളത്?
അങ്ങനെ പറയുന്നവരുണ്ടാകാം എന്നല്ലേ . അത് വ്യക്തതയുള്ള കാര്യമല്ലല്ലോ. അതുകൊണ്ട് തന്നെ നമ്മൾ അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ. 
എനിക്ക് പ്രാധാന്യമുള്ള ഒരു സുഹൃത്ത് എന്നെകുറിച്ച് അങ്ങനെ വിചാരിക്കുന്നെങ്കിൽ ഞാൻ അത് മനസിലാക്കാൻ ശ്രമിക്കും. അല്ലാതെ പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.