
ലണ്ടൻ: രാജകൊട്ടാരത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് ഹാരിയും മേഗനും അഭിമുഖത്തിൽ വെളിപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് ബക്കിംഗ്ഹാം കൊട്ടാരം. ഹാരി - മേഗൻ ദമ്പതിമാരുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്നങ്ങൾ സ്വകാര്യമായി പരിഹരിക്കുമെന്നും കൊട്ടാരം അറിയിച്ചു.
ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമതകളിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വംശീയത സംബന്ധിച്ച പ്രശ്നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും
സ്നേഹം നിറഞ്ഞ രാജ കുടുംബാംഗങ്ങൾ തന്നെ ആയിരിക്കും' -കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അഭിമുഖം ഓപ്ര വിറ്റത് 51 കോടി രൂപയ്ക്ക്
ലോകമെമ്പാടും ചർച്ചാ വിഷയമായ ഹാരി - മേഗൻ അഭിമുഖം അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രി സി.ബി.എസ് ചാനലിന് വിറ്റത് 51 കോടി രൂപയ്ക്ക്. രാജകുടുംബത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ മേഗനും ഹാരിയും അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അഭിമുഖം ഇതിനോടകം 17 ദശലക്ഷത്തിലധികം അളുകൾ കണ്ടുകഴിഞ്ഞു. ഞായറാഴ്ച അമേരിക്കയിൽ സി.ബി.എസ് ചാനലും ബ്രിട്ടനിൽ ഐ.ടി.വിയും സംപ്രേഷണം ചെയ്ത രണ്ടു മണിക്കൂർ അഭിമുഖത്തിലുടനീളം ഇരുവരും രാജകൊട്ടാരത്തിൽ
അനുഭവിച്ച ഭീഷണികളും അവഗണനകളും തുറന്നുപറയുന്നുണ്ട്. അതേസമയം, മേഗൻ വംശവെറിയ്ക്ക് ഇരയായിട്ടുണ്ടെങ്കിൽ കൊട്ടാരം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷമായ ലേബർ കക്ഷി ആവശ്യപ്പെട്ടു.
മേഗൻ മാർക്കിളിന്റെ മാതാവ് ആഫ്രിക്കൻ വംശജയാണ്. മൂത്ത പുത്രനായ ആർച്ചിയെ മേഗൻ ഗർഭം ധരിച്ചിരുന്ന സമയത്ത് രാജകുടുംബത്തിലെ ചിലർ കുട്ടിയുടെ നിറം കറുപ്പാകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി മേഗൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് രാജകുടുംബാംഗങ്ങളുടെ മുനവച്ച സംസാരങ്ങളും ആശങ്കകളും തന്നെ മാനസികമായി തളർത്തിയെന്നും ആത്മഹത്യ യെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ വെളിപ്പെടുത്തിയിരുന്നു.
2018ലാണ് ഹാരിയും മേഗനും വിവാഹിതരായത്. 2020ൽ രാജപദവികൾ ത്യജിച്ച് ഹാരി- മേഗൻ ദമ്പതിമാർ കാലിഫോർണിയയിലേക്ക് താമസം മാറി. ഇനിയൊരിക്കലും രാജകുടുംബത്തിലേക്കില്ലെന്ന് സമീപകാലത്ത് ഹാരി വ്യക്തമാക്കിയിരുന്നു. മാതാവ് ഡയാന രാജകുമാരി നൽകിയ സമ്പത്തുകൊണ്ടാണ് അമേരിക്കയിൽ ജീവിതം ആരംഭിച്ചെതെന്നും ഹാരി പറഞ്ഞിരുന്നു