
ന്യൂഡല്‍ഹി: കാത്തുകാത്തിരുന്ന ഇന്ത്യൻ ടീമിൽ നിന്നുള്ള വിളി എത്തിയെങ്കിലും പരിക്കുകാരണം കളത്തിലിറങ്ങാൻ കഴിയാത്ത ദാരുണാവസ്ഥയിലാണ് സ്പിന്നർ വരുൺ ചക്രവർത്തി.
കഴിഞ്ഞ ഐ.പി.എല്ലിൽ അതിഗംഭീരപ്രകടനം കാഴ്ചവച്ച വരുണിനെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി-20 ടീമിലാണ് ആദ്യം ഉൾപ്പെടുത്തിയത്. എന്നാൽ തോളിലെ പരിക്കുകാരണം ടീമിനൊപ്പം പോകാനായില്ല. ഈ പരിക്കിൽ നിന്ന് മോചിതനായതോടെയാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള ഫിറ്റ്നസ് തെളിയിക്കാനുള്ള യോ യോ ടെസ്റ്റിന്റെ ഭാഗമായി രണ്ടു കിലോമീറ്റർ നിശ്ചിത സമയത്തിനുള്ളിൽ ഓടാൻ വരുണിന് സാധിച്ചില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ളണ്ട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വരുണിന് പകരം രാഹുൽ ചഹർ ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം തോളെല്ലിന് പരിക്കേറ്റ പേസർ ടി. നടരാജന്റെ കാര്യവും സംശയത്തിലാണ്. ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സ്റ്റാഫ് നടരാജനെ പരിശോധിക്കുന്നുണ്ട്. പരമ്പരയുടെ തുടക്കത്തിൽ ഇല്ലെങ്കിലും അവസാനത്തേക്കെങ്കിലും താരത്തിന് ഫിറ്റ്‌നസ് കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നടരാജനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.