saudi-labor-law

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ നിയമ പരിഷ്‌കാരങ്ങൾ 14 മുതൽ നിലവിൽ വരും. കഴിഞ്ഞ വർഷം തന്നെ നടപ്പിലാക്കാനിരുന്ന നാഷണൽ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ പരിഷ്കാരങ്ങൾ കൊവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. ലേബർ റിഫോം ഇനീഷ്യേറ്റീവ് എന്ന് അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ തൊഴിൽ പരിഷ്‌ക്കാരങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ളതാണ്.വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, ആട്ടിടയന്മാർ, വീട്ടു കാവൽക്കാർ, തോട്ടം ജീവനക്കാർ, എന്നിവർക്ക് പരിഷ്‌ക്കാരങ്ങൾ ബാധകമാവില്ല. ഇവർക്കായി പ്രത്യേക പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.

 കഫാല ഇനിയില്ല

പരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്ത് 70 വർഷത്തിലേറെയായി നിലനിൽക്കുന്ന സ്‌പോണ്‍സർഷിപ്പ് സമ്പ്രദായമായ കഫാലയ്ക്ക് അറുതിയാവും. കഫാല പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യണമെങ്കിൽ ഒരു സൗദി പൗരന്റെ സ്‌പോൺസർഷിപ്പ് വേണം.ഒരു കോടിയിലേറെ പ്രവാസികൾ രാജ്യത്ത് കഫാല സമ്പ്രദായം അനുസരിച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. പുതിയ നിയമ പരിഷ്‌ക്കരണം വരുന്നതോടെ ഇത് ആവശ്യമില്ലാതാവും. ഇതിന് പകരം തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന കരാർ നിലവിൽ വരും. ഇരുവിഭാഗവും അംഗീകരിക്കുന്ന തൊഴിൽ വ്യവസ്ഥയിൽ നിശ്ചിത കാലാവധി നിർണയിച്ചായിരിക്കും തൊഴിൽ നിയമനങ്ങൾ നടത്തുക. ഇനി രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും തൊഴിൽ കരാറുകളിൽ ഏർപ്പെടുകയും അത് ഡിജിറ്റലായി രജിസ്റ്റർ ചെയ്യുകയും വേണം.

 പ്രവാസികൾക്ക് കൂടുതൽ സ്വാതന്ത്യം

നിയമ പരിഷ്കാരം പ്രാബല്യത്തിലാകുന്നതോടെ പ്രവാസികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തൊഴിൽ മാറ്റം എളുപ്പമാവും. നിലവിൽ, തൊഴിൽ മാറ്റം നടക്കണമെങ്കിൽ സ്പോൺസറുടെ അനുവാദം വേണം. പുതിയ നിയമപ്രകാരം തൊഴിൽ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാം. കരാർ അവസാനിക്കുന്നതിന് മുമ്പാണെങ്കിൽ നേരത്തേ നോട്ടീസ് നൽകിയ ശേഷം തൊഴിൽ മാറാം.
 മാറ്റങ്ങൾ അനവധി

സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എക്‌സിറ്റ് ആൻഡ് റീ എൻട്രി വിസ, ഫൈനൽ എക്‌സിറ്റ് വിസ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. ഇതോടെ നാട്ടിൽ പോയി വരുന്നവർക്ക് രാജ്യത്തിന് പുറത്തുകടക്കാൻ തൊഴിലുടമയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയാൽ മതി. രാജ്യം വിട്ട കാര്യം ഇലക്ട്രോണിക് സന്ദേശമായി തൊഴിലുടമയ്ക്ക് ലഭിക്കും. തൊഴിൽ ഉപേക്ഷിച്ച് രാജ്യം വിടുന്നതിനുള്ള ഫൈനൽ എക്‌സിറ്റ് വിസയുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്. തൊഴിൽ കാലാവധി കഴിഞ്ഞ ശേഷമാണെങ്കിൽ ഇതിനും തൊഴിലുടമയുടെ അനുവാദം വേണമെന്നില്ല. എന്നാൽ, ഇതിന്റെ എല്ലാ ബാധ്യതകളും തൊഴിലാളി തന്നെ വഹിക്കേണ്ടിവരും. ഈ മൂന്നു സൗകര്യങ്ങളും മന്ത്രാലയത്തിന്റെ അബ്ശിർ മൊബൈൽ ആപ്പിലും ഖിവ പോർട്ടലിലും ലഭ്യമാവും