
പാരീസ്: കഴിഞ്ഞ ഡിസംബറിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ മത്സരത്തിനിടെ തുർക്കി ക്ലബ്ബ് ഇസ്താംബുൾ ബസാക്സെഹിറിന്റെ സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ച മാച്ച് ഒഫീഷ്യൽസിനെ സീസൺ കഴിയും വരെ യുവേഫ സസ്‌പെൻഡു ചെയ്തു.
റൊമേനിയക്കാരൻ സെബാസ്റ്റ്യൻ കോൾട്ടെസ്‌ക്യുവിനെതിരെയാണ് യുവേഫ ഗവേണിംഗ് ബോഡി അച്ചടക്കനടപടി സ്വീകരിച്ചത്. സഹ റഫറിയായിരുന്ന ഒക്ടോവിയൻ സോവ്റെയെ ശാസിക്കുകയും ചെയ്തു.
ഡിസംബര്‍ എട്ടിന് പി.എസ്.ജി.യും ബസാക്സെഹിറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. തുർക്കി ക്ലബ്ബിന്റെ സഹപരിശീലകൻ പിയറെ വെബോയെയാണ് ഫോർത്ത് ഓഫീഷ്യലായിരുന്ന കോൾട്ടെസ്‌ക്യു വംശീയമായി അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് പ്രതിഷേധസൂചകമായി ഇരുടീമുകളും കളിനിർത്തി കളംവിട്ടിരുന്നു.