
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പീഡനത്തിനിരയായ 13കാരിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. യു.പി പൊലീസ് എസ്.ഐയുടെ മകനടക്കം മൂന്നു പേർ മകളെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകിയതിന്റെ പിറ്റേന്നാണ് പിതാവ് വാഹനാപകടത്തിൽ മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ മകളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം, ചായകുടിക്കാനായി റോഡിലിറങ്ങിയ കാൺപൂർ സ്വദേശിയെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പീഡനക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു.പി പൊലീസിലെ എസ്.ഐയാണ്. ഗോലു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്കിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛൻ എസ്.ഐയാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ പൊലീസിന് പങ്കുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
അതേസമയം, വാഹനാപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടൻ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
രണ്ട് കേസുകളിലും അന്വേഷണം ഊർജ്ജിതമാക്കി. പീഡനക്കേസിൽ ദ്രുതഗതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. അഞ്ച് സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.