arrest

പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് ഒരിക്കൽ പിടിയിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വീണ്ടും കൈക്കൂലികേസിൽ വിജിലൻസ് അറസ്റ്റുചെയ്തു. റാന്നി പഴവങ്ങാടി വി.ഇ.ഒ ആലപ്പുഴ പത്തിയൂർ തലപ്പുഴയേത്ത് രാഹുലേയം വീട്ടിൽ സതീഷ്‌കുമാറിനെയാണ് (50) കൈക്കൂലിയായി വാങ്ങിയ 5000 രൂപയുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ. എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. നേരത്തെ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴും ഇയാൾ വിജിലൻസ് പിടിയിലായിട്ടുണ്ട്.

ചെല്ലക്കാട് മഴവഞ്ചേരിയിൽ ലൈസാമ്മയുടെ പരാതിയിലാണ് റാന്നിയിലെ അറസ്റ്റ്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിന് രണ്ടുതവണയായി 12,000 രൂപ ലൈസാമ്മയിൽ നിന്ന് സതീഷ്‌കുമാർ കൈപ്പറ്റിയിരുന്നു.

വീണ്ടും 5000 രൂപ കൂടി ചോദിച്ചപ്പോഴാണ് ലൈസാമ്മ വിജിലൻസിനെ സമീപിച്ചത്. ഇന്നലെ വി.ഇ.ഓഫീസിൽ വച്ചാണ് ലൈസാമ്മ 5000 രൂപ വിജിലൻസ് നിർദ്ദേശ പ്രകാരം കൈമാറിയത്. മറഞ്ഞുനിന്ന വിജിലൻസ് സംഘം ഉടൻ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.