cristiano-ronaldo

എവേ ഗോളിൽ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്

യുവന്റസിനെ പുറത്താക്കിയത് ക്രിസ്റ്റ്യാനോയുടെ നാട്ടിൽ നിന്നുള്ള ക്ളബ് പോർട്ടോ

ടൂറിൻ : രണ്ടു പതിറ്റാണ്ടിലേറെയായി സ്വപ്നമായി അവശേഷിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്ന ശേഷമുള്ള മൂന്നാം സീസണിലും മുട്ടിടിച്ച് വീണ് ഇറ്റാലിയൻ കൊമ്പന്മാരായ യുവന്റസ്. ഇത്തവണ ക്രിസ്റ്റ്യാനോയുടെ നാടായ പോർച്ചുഗലിൽനിന്നുള്ള എഫ്‍.സി പോർട്ടോയോട് പ്രീ ക്വാർട്ടറിൽ എവേ ഗോളിന് തോറ്റാണ് യുവന്റസ് യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരിക്കുന്നത്. തുടർച്ചയായ രണ്ടാം സീസണിലാണ് യുവന്റസ് എവേ ഗോളുകളുടെ പേരിൽ പ്രീക്വാർട്ടറിൽ പുറത്താകുന്നത്.

കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ജയിച്ചെങ്കിലും, ആദ്യ പാദത്തിലെ തോൽവിയും രണ്ടാം പാദത്തിൽ വഴങ്ങിയ ഗോളുകളുമാണ് ഇറ്റാലിയൻ ഭീമന്മാർക്ക് അബദ്ധമായി മാറിയത്. ആദ്യ പാദത്തിൽ പോർട്ടോ 2–1ന് ജയിച്ചിരുന്നു. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം പാദത്തിൽ യുവ 3–2നാണ് ജയിച്ചത്. ഇരുപാദങ്ങളിലുമായി സ്കോർ 4–4 എന്ന നിലയിൽ സമനിലയിലായപ്പോൾ എവേ ഗോളുകളുടെ ആനുകൂല്യത്തിൽ പോർട്ടോ ക്വാർട്ടറിലെത്തി.

ആദ്യപാദത്തിൽ ടീമിനായി ഗോൾ നേടിയ ഇറാനിയൻ താരം മെഹ്ദി ടരേമി 54–ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ ഭൂരിഭാഗം സമയവും 10 പേരുമായി പൊരുതിയാണ് എഫ്‍.സി പോർട്ടോ യുവന്റസിനെ തളച്ച് ക്വാർട്ടറിലേക്ക് മുന്നേറിയത്.90 മിനിട്ട് കളി കഴിയുമ്പോൾ 2-1ന് യുവന്റസ് മുന്നിലായിരുന്നു. എന്നാൽ ഗോൾ ഇരു പാദങ്ങളിലെയും ഗോൾ മാർജിൻ 3-3 എന്ന നിലയിലായി. എവേ ഗോളുകളും തുല്യനിലയിലായതോടെയാണ് എക്സ്ട്രാ ടൈം വേണ്ടിവന്നത്. അധികസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ കളി യുവന്റസ് ജയിച്ചെങ്കിലും ക്വാർട്ടർ ബർത്ത് പോർട്ടോയ്ക്ക് കിട്ടി.

ഫെഡറിക്കോ ചിയെസയുടെ ഇരട്ടഗോളും (49, 63), എക്സ്ട്രാ ടൈമിൽ അഡ്രിയാൻ റാബിയോട്ട് (117) നേടിയ ഗോളുമാണ് യുവെയ്ക്ക് രണ്ടാം പാദത്തിൽ വിജയം സമ്മാനിച്ചത്. എഫ്‍സി പോർട്ടോയ്ക്ക് ക്വാർട്ടർ ബർത്ത് സമ്മാനിച്ച ഇരട്ടഗോളുകൾ സെർജിയോ ഒലിവേരയുടെ (19, 115) വകയായിരുന്നു. പെനാൽറ്റിയിലൂടെയായിരുന്നു ഒലിവേരയുടെ ആദ്യ ഗോൾ.

സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ മെഹ്ദി ടരേമി (2), മൂസ മരേഗ (46) എന്നിവരുടെ ഗോളുകളിലാണ് പോർട്ടോ യുവെന്റസിനെ തകർത്തുവിട്ടത്. ഫെഡറിക്കോ ചിയേസയുടെ വകയായിരുന്നു ആദ്യപാദത്തിലും യുവയുടെ ഗോൾ നേടിയിരുന്നത്. രണ്ടാം പാദത്തിൽ ഇരട്ടഗോൾ നേടിയ ചിയെസ, 2008ൽ അലെസാൻഡ്രോ ദെൽപിയാറോയ്ക്കു ശേഷം യുവെന്റസിനായി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ടഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി.

തോൽവിയോടെ യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയുടെ നിലനിൽപ്പ് ഭീഷണിയിലായി. ഇറ്റാലിയൻ സെരി എയിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്.ഇന്റർ മിലാനാണ് ഒന്നാമത്. തുടർച്ചയായ ഒൻപത് സീസണുകൾക്ക് ശേഷം ഇക്കുറി യുവന്റസിന് സെരി എ കിരീടം കൈമോശം വരുന്ന സ്ഥിതിയാണ്.

ഹാപ്പി ഹാലാൻഡ്, സൂപ്പർ ഡോർട്ട്മുണ്ട്

എർലിംഗ് ഹാലാൻഡിന് ഇരട്ടഗോൾ,ബൊറൂഷ്യ ഡോർട്ട്മുണ്ട് ക്വാർട്ടറിൽ

മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് സെവിയ്യയുടെ വെല്ലുവിളി മറികടന്ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് മുന്നേറി. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തിൽ സെവിയ്യയോട് 2–2ന് സമനില വഴങ്ങേണ്ടി വന്നെങ്കിലും, ആദ്യ പാദത്തിൽ നേടിയ 3–2 വിജയത്തിന്റെ കരുത്തിൽ ഇരു പാദങ്ങളിലുമായി 5–4ന്റെ മുൻതൂക്കം നേടിയാണ് ഡോർട്ട്മുണ്ടിന്റെ മുന്നേറ്റം. സൂപ്പർതാരം എർലിംഗ് ഹാലാൻഡിന്റെ വകയാണ് ഡോർട്ട്മുണ്ടിന്റെ രണ്ടു ഗോളുകളും. 35, 54 മിനിട്ടുകളിലായാണ് ഹാലാൻഡ് ലക്ഷ്യം കണ്ടത്. രണ്ടാം ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു. സെവിയ്യയുടെ രണ്ടു ഗോളുകളും യൂസഫ് നെസ്റിയുടെ (68- പെനൽറ്റി, 90+6) വകയാണ്

20

ചാമ്പ്യൻസ് ലീഗിൽ 14 മത്സരങ്ങളിൽനിന്ന് ഹാലാൻഡിന്റെ ഗോൾനേട്ടം 20 ആയി ഉയർന്നു. 2019 സെപ്റ്റംബറിൽ ചാംപ്യൻസ് ലീഗിൽ അരങ്ങേറിയ ശേഷം ഹാലാൻഡിനേക്കാൾ ഗോൾ നേടിയ ഒരു താരം പോലുമില്ല ടൂർണമെന്റിൽ . 19 ഗോളുകളുമായി ബയൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കി രണ്ടാം സ്ഥാനത്താണ്.

ചാമ്പ്യൻസ് ലീഗിൽ വേഗത്തിൽ 20 ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി ഹാലാൻഡിന്റെ കൈകളിൽ ഭദ്രം. ഹാലൻഡിനേക്കാൾ 10 മത്സരം അധികം കളിച്ച് 20 ഗോൾ നേടിയ ടോട്ടനം ഹോട്സ്പറിന്റെ ഹാരി കെയ്നാണ് പിന്നിലായത്.

ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ഗോൾ നേടുന്ന നോർവെ താരമെന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പരിശീലകനായ ഒലെ ഗുണാർ സോൾഷ്യറിന്റെ പക്കൽനിന്നും ഹാലാൻഡ് സ്വന്തമാക്കി.

21
വയസിനു മുൻപ് ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ഗോൾ നേടുന്ന താരമായും ഹാലാൻഡ് മാറി. 19 ഗോളുകളുമായി പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ കൈവശം വച്ചിരുന്ന റെക്കാഡാണ് ഹാലാൻഡ് മറികടന്നത്.

4

ഏറ്റവും ഒടുവിൽ കളിച്ച നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഹാലൻഡ് രണ്ടോ അതിലധികമോ ഗോളുകൾ വീതം നേടിയതോടെ, ചാമ്പ്യൻസ് ചരിത്രത്തിൽ തുടർച്ചയായ നാലു മത്സരങ്ങളിൽ രണ്ടോ അതിലധികമോ ഗോൾ നേടുന്ന ആദ്യ താരമായും മാറി.