
യംങ്കൂൺ: ആ പാവങ്ങളെ വെറുതെ വിടൂ.. പകരം എന്നെ വെടിവയ്ക്കൂ, എന്റെ ജീവനെടുത്തോളൂ. വെറും നിലത്ത് മുട്ടുകുത്തി നിന്ന് ഇരുവശത്തേയ്ക്കും കൈകൾ വിരിച്ച് 45കാരിയായ ആൻ റോസ് ന്യു തോംഗ് എന്ന കന്യാസ്ത്രീ മ്യാൻമർ സൈന്യത്തോട് അപേക്ഷിക്കുകയാണ്... കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ആരുടേയും കണ്ണ് നനയിക്കും. കന്യാസ്ത്രീയ്ക്ക് മുന്നിൽ മുട്ടികുത്തി നിന്ന് കൈകൂപ്പി നിൽക്കുന്ന സൈനികരേയും വീഡിയോയിൽ കാണാം.
ജനാധിപത്യം പുനഃസ്ഥാപിക്കാനും ആംങ് സാൻ സൂ ചി അടക്കമുള്ളവരെ ജയിൽ മോചിതരാക്കാനും മ്യാൻമറിൽ സൈന്യത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം നാൾക്കുനാൾ ശക്തിയാർജിച്ച് വരികയാണ്. ഇതുവരെ 50ലധികം പേരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെട്ടത്.
മ്യിത്ക്യിനൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനൊരുങ്ങിയെത്തിയ സൈനികസംഘത്തിന് മുന്നിലാണ് സിസ്റ്റർ ആൻ റോസടക്കമുള്ള മൂന്ന് സന്യാസിനിമാർ അപേക്ഷയുമായെത്തിയത്.
സൈനികർ ജനങ്ങളെ പിടികൂടാനായി ഓടിക്കുന്നത് കണ്ടു, ആ കുഞ്ഞുങ്ങളെ ഓർത്ത് എനിക്ക് വേദന തോന്നി-സിസ്റ്റർ പിന്നീട് പ്രതികരിച്ചു. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന തോന്നലിലാണ് ആൻ റോസ് മുട്ടുകുത്തി അപേക്ഷിച്ചത്. എന്നാൽ, നിമിഷങ്ങൾക്കകം ജനങ്ങൾക്ക് നേരെ സൈനികർ നിറയൊഴിക്കുന്ന ശബ്ദവും നിലവിളിച്ചു കൊണ്ടോടുന്ന ജനങ്ങളുടെ ശബ്ദവും കേട്ടു. തലയിൽ വെടിയേറ്റ് ഒരാൾ മരിച്ച് വീഴുന്നത് കണ്ടു. ലോകം തന്നെ പിളർന്ന് പോകുന്നതു പോലെ തോന്നി. സൈനികർ കണ്ണീർവാതകം പ്രയോഗിച്ചതോടെ കാഴ്ചയും മങ്ങി. എന്റെ അപേക്ഷയ്ക്ക് ശേഷവും വെടിവയ്പുണ്ടായത് അത്യധികം വിഷമിപ്പിച്ചു - സിസ്റ്റർ പറഞ്ഞു.