
തുടർച്ചയായി ആയിരം ദിവസങ്ങളിൽ ഒരു ദിവസം പോലും ഇടവേളയില്ലാതെ കവി സോഹൻ റോയ് എഴുതിയ കവിതകളുടെ സമാഹാരമായ 'അണു കവിതകൾ ' ഇനി മുതൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും. ഇത് സംബന്ധിച്ച് ലണ്ടൻ ആസ്ഥാനമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്' സോഹൻലാലിന് ഔദ്യോഗികമായി അറിയിപ്പ് നൽകി. സോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിൽ ഈ വിവരം പങ്കുവച്ചത്.
തുടർച്ചയായി ആയിരം ദിവസങ്ങളിൽ ഒരു തവണ പോലും മുടങ്ങാതെ എഴുതിയ കവിതകൾ സംഗീതവും ദൃശ്യവും ചേർത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹം. ലോകഭാഷകളുടെ ചരിത്രത്തിൽ ഇതൊരു അപൂർവതയാണ്. അതാത് ദിവസത്തെ സംഭവങ്ങളെയാണ് സോഹൻലാൽ കവിതയായി മാറ്റിയത്. തുടർച്ചയായി രചിച്ച ഈ കവിതകളാണ് റെക്കോർഡിനായി പരിഗണിച്ചതെന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യൻ എഡിഷൻ മേധാവി സന്തോഷ് ശുക്ല അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആൾക്കാരിലേയ്ക്ക് നിമിഷങ്ങൾക്കകം അണുകവിതകൾ എത്തുന്നുണ്ട്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി കൈവരിച്ച ആയിരത്തി ഒന്ന് കവിതകൾ പുസ്തക രൂപത്തിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മഹാകാവ്യങ്ങളുടെ പൊതു നിയമാവലികളെന്ന് ഏഴാം നൂറ്റാണ്ടിൽ നിഷ്‌കർഷിച്ചിരിക്കുന്ന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം എഴുതിയിരിക്കുന്നത്.
ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്ത് സമകാലീന സമൂഹത്തെത്തന്നെയാണ് ഈ ആധുനിക മഹാകാവ്യസമാഹാരം വിഭാവനം ചെയ്തിരിയ്ക്കുന്നത്. . പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട് തുടങ്ങിയ പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം അഞ്ഞൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ പ്രകാശനം ചെയ്തിരുന്നു. പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം 'അണുമഹാകാവ്യം 601 ' എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു.
രണ്ടായിരത്തി പതിനെട്ടിൽ, ഡിസി ബുക്സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് എല്ലാ കവിതകൾക്കും സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയാണ് സോഹൻറോയ്.