kuttyadi

കുറ്റ്യാടി: കേരളാ കോൺഗ്രസിന് സീ‌റ്റ് നൽകിയതിൽ പ്രതിഷേധിച്ച് കു‌റ്റ്യാടിയിൽ പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധ മാർ‌ച്ച്. സിപിഎമ്മിന്റെ പേരിലെ ബാനറിൽ പാർട്ടി കൊടികളുമേന്തി പ്രതിഷേധിച്ച അണികൾ പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചു. കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറോളം പേർ പ്രകടനം നടത്തിയിരുന്നു. എന്നാൽ നിരവധി പേരാണ് ഇന്നത്തെ പ്രകടനത്തിൽ പങ്കെടുത്തത്.

സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടും പരിഗണിക്കാതെയിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ചെങ്കൊടിയുടെ മാനം കാക്കാനാണ് ഈ പ്രതികരണമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇന്നത്തെ പ്രകടനത്തിൽ പങ്കെടുത്തു. എന്നാൽ വിമത സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. കുന്നുമ്മൽ ഏരിയാ കമ്മി‌റ്റിയ്‌ക്ക് കീഴിലുള‌ള പ്രവർത്തകരാണ് ഇന്ന് ശക്തമായി പ്രതിഷേധിച്ചത്. പാർട്ടി പ്രതിഷേധത്തെ തുടർന്ന് പ്രശ്‌നത്തിൽ സമവായ ചർച്ചയ്‌ക്കൊരുങ്ങുകയാണ് പാർട്ടി എന്നാണ് വിവരം.