
അംങ്കാര: ഒലിവ് മരങ്ങളും അതിമനോഹരമായ ടൂലിപ്സ്, ഡെയ്‌സി പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങളും അവിടെ പാറിക്കളിയ്ക്കുന്ന പൂമ്പാറ്റകളും കിളികളുമെല്ലാമുള്ള ഒരു സുവർണ ബാല്യകാലമായിരുന്നു തുർക്കി സ്വദേശിയായ തയ്യിബ് ഡെമിറേൽ എന്ന 64 കാരി മുത്തശ്ശിയുടേത്. ഇപ്പോൾ, തന്റെ പ്രിയപ്പെട്ട ഒലിവ് തോട്ടത്തേയും സ്വർഗതുല്യമായ തന്റെ ഗ്രാമത്തേയും ഖനി മാഫിയയിൽ നിന്ന് സംരക്ഷിക്കാനും ഒറ്റയാൾ പോരാട്ടം നടത്തുകയാണ് തയ്യിബ് മുത്തശ്ശി.
വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യാറ്റഗാൻ പട്ടണത്തിന് സമീപമാണ് തയ്യിബിന്റെ നാടായ ടുർഗുറ്റ്. ഖനനം വളരെ ശക്തമായ മുഗ്ല എന്ന മേഖലയിൽ പെട്ടതാണ് ടുർഗുറ്റ്. യാറ്റഗാനു സമീപം ഒരു താപനിലയമുണ്ട്. തുർക്കിയിലെ ഊർജ ഉത്പാദനത്തിന്റെ നല്ലൊരു ശതമാനം ലിമാക്കിന്റെ താപനിലയങ്ങളിൽ ഒന്നാണിത്.
താപനിലയത്തിലെ ഊർജ ആവശ്യങ്ങൾക്കു വേണ്ടി കൽക്കരി ഖനനം ചെയ്യാൻ
തുടങ്ങിയതോടെ മുഗ്ലയുടെ പതനം ആരംഭിച്ചു. ഇതിനിടെ ഊർജമേഖലയിലെ വിദേശ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി തുർക്കിയിലെ കൽക്കരി ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇതോടെ ഖനനവും കൂടുതൽ വേഗത്തിലായി. മുഗ്ലയിൽ 5000 ഹെക്ടറുകളോളം ഭൂമി കഴിഞ്ഞ നാൽപതു വർഷത്തിനിടയിൽ ഖനനമേഖലയായി മാറിയെന്നാണു കണക്ക്.
ഖനനം എസ്‌കിഹിസാർ, യെസിൽബാഗ്‌സിലർ തുടങ്ങി അഞ്ച് ഗ്രാമങ്ങളെ മരുഭൂമിയാക്കി മാറ്റി. ഒടുവിൽ ഖനനം ടുർഗുറ്റിലും എത്തി. എന്നാൽ, തന്റെ ആറേക്കർ ഒലിവ് തോട്ടം ഖനനത്തിന് നൽകാൻ തയ്യിബ് തയ്യാറായില്ല. സമ്മർദ്ദം ഏറിയതോടെ, കമ്പനിയുമായി തയ്യിബ് യുദ്ധമാരംഭിച്ചു. ഇതിനായി മുഗ്ലയിലെ ജനങ്ങളുമായി ഖനനത്തെ ചെറുക്കാൻ ഒരു കൂട്ടായ്മ തയ്യിബ് ആരംഭിച്ചു. നിയമത്തിന്റെ വഴികളും തയ്യിബ് തേടി.
ഖനനം മൂലം ടുർഗുറ്റ് ഗ്രാമത്തിന്റെ ജലശ്രോതസ്സുകൾ വറ്റി വരണ്ടിരുന്നു. ഇക്കാര്യവും തയ്യിബ് ചൂണ്ടിക്കാട്ടി. ഒലീവ് മരത്തോപ്പുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ഒരു മുൻകോടതി വിധിയുടെ കാര്യം തയ്യിബിന്റെ അഭിഭാഷകനായിരുന്ന മെഹ്‌മത് കോടതിയിൽ സമർപ്പിച്ചു. അതോടെ ടുർഗുറ്റിലേക്കു ഖനനം വ്യാപിപ്പിക്കുന്നതിൽ നിന്നു ലിമാക്കിനെ കോടതി താൽക്കാലികമായി തടഞ്ഞു. കമ്പനിക്ക് ഇതൊന്നും വലിയ കാര്യമല്ല, നിയമം തെറ്റിച്ചാൽ തന്നെയും പിഴയടച്ച് ഊരിപ്പോരാനുള്ള ശക്തി അവർക്കുണ്ട് - തയ്യിബ് പറയുന്നു.
കാൻസർ ബാധിതയാണ് തയ്യിബ്. ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുണ്ട്. എന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയാറല്ല. പരിസ്ഥിതി നാശത്തിനു പുറമേ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഖനനം യാറ്റഗാനിലുണ്ടാക്കുന്നുണ്ടെന്ന് തയ്യിബ് പറഞ്ഞു. സൾഫർ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം യാറ്റഗാനിൽ വളരെ കൂടുതലാണ്. ഇതുമൂലം ബ്രോങ്കൈറ്റിസ്, ആസ്മ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ മേഖലയിൽ വർദ്ധിച്ച് വരികയാണ്.