
വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കൻപോക്സ്. വേനൽകാലത്ത് വ്യാപകമായി കാണപ്പെടുന്ന ഈ രോഗം പടർത്തുന്നത് 'വെരിസെല്ല സോസ്റ്റർ' എന്ന വൈറസ് ആണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് രോഗം പകരാനുള്ള സാദ്ധ്യത കൂടുതലാണ്. പനി, ക്ഷീണം, വിശപ്പില്ലായ്മ, ശരീരവേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ കുരുക്കളും ചൊറിച്ചിലും അനുഭവപ്പെടും. ആദ്യം നെഞ്ചിലും വയറിലും വായിലുമാണ് കുരുക്കൾ വരുന്നത്. പിന്നീട് ശരീരമാസകലം പടരുകയും ഒരാഴ്ചയ്ക്കുള്ളിൽ കുരുക്കൾ താഴുകയും ചെയ്യും. രോഗം ഭേദമാകുന്നതുവരെ കുമിളകൾ പൊട്ടാതെ സൂക്ഷിക്കണം. രോഗികൾ ധാരാളം വെള്ളം കുടിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും വേണം. രോഗം മൂർച്ഛിച്ചാൽ ന്യൂമോണിയ, തലച്ചോറിലും തൊലിപ്പുറത്തും അണുബാധ എന്നിവയുണ്ടായേക്കാം. അതിനാൽ, ലക്ഷണങ്ങൾ പ്രകടമായാലുടൻ ഡോക്ടറെ സമീപിക്കുക.