
ധാക്ക: ഇസ്രയേൽ കമ്പനിയായ സെല്ലെബ്രൈറ്റ് നിർമിച്ച ഫോൺ ഹാക്കിംഗ് ഉപകരണങ്ങൾ ബംഗ്ലാദേശ് വാങ്ങിയതായി റിപ്പോർട്ട്. 3,30,000 ഡോളറിന്റെ ഉപകരണങ്ങളാണ് വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. പാലസ്തീനിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ഇസ്രയേലിലേക്കുള്ള യാത്രയും വ്യാപാരവുമടക്കം വിലക്കിയിട്ടുണ്ട്. ഇരുരാജ്യത്തിനുമിടയിൽ നയതന്ത്ര ബന്ധവും നിലവിലില്ല. ഉപകരണങ്ങൾ ബംഗ്ലാദേശിലേക്ക് നേരിട്ട് നൽകിയത് ഇസ്രയേൽ കമ്പനിയാണോ അതോ മറ്റെവിടെയെങ്കിലുമുള്ള സെല്ലെബ്രൈറ്റ് സഹസ്ഥാപനം വഴിയാണോ എന്ന് വ്യക്തമല്ല. അതേസമയം, ഉപകരണങ്ങൾ ഹംഗറിയിൽ നിർമിച്ചതാണെന്നും ഇത് ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങൾക്കായി വാങ്ങിയതാണെന്നും ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.