
ബീജിംഗ് /മോസ്കോ: ചാന്ദ്ര ബഹിരാകാശ നിലയം നിർമ്മിക്കാനൊരുമിച്ച് ചൈനയും റഷ്യയും. ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളുടെ വക്താക്കൾ ഇതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതികൾ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. ഇത് പ്രകാരം, ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളും ഗവേഷണങ്ങളും ഉപയോഗപ്പെടുത്തും.
രാജ്യാന്തര ചാന്ദ്ര ബഹിരാകാശ നിലയമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ബഹിരാകാശത്തിന്റെ പര്യവേക്ഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക ഗവേഷണ സഹകരണം വർദ്ധിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇതിന്റെ ഭാഗമാകാമെന്നും ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
സോവിയറ്റ് കാലഘട്ടത്തിലേതിന് സമാനമായി ബഹിരാകാശ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. പണ്ട് റഷ്യ ബഹിരാകാശ രംഗത്ത് മുൻപന്തിയിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും കാരണം അത് തകർച്ചയുടെ വക്കിലെത്തി. അമേരിക്കയും സമീപകാലത്ത് ബഹിരാകാശ പര്യവേഷണത്തിലും ഗവേഷണത്തിലും വൻ വിജയങ്ങൾ കരസ്ഥമാക്കിയ ചൈനയും റഷ്യയെ ബഹിരാകാശ രംഗത്ത് മറികടന്നു. ചന്ദ്രനിൽ ഒരു താവളം സ്ഥാപിക്കുക എന്നത് ചൈനയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇത് ചൈനയുടെ ഏറ്റവും വലിയ രാജ്യാന്തര ബഹിരാകാശ സഹകരണ പദ്ധതിയായിരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ഭാവിയിൽ ചന്ദ്രന്റെയും ബഹിരാകാശത്തിന്റെയും പര്യവേക്ഷണത്തിനായി ഒരു ഡേറ്റാ സെന്റർ സംയുക്തമായി സൃഷ്ടിക്കുന്നതിനുള്ള കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ചൈനയുടെ ചാങ് -7, റഷ്യയുടെ ലൂണ 27 ദൗത്യങ്ങളിൽ റഷ്യ സഹകരിക്കും. ഇവ രണ്ടും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.