nemom-

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ നിറുത്തി മണ്ഡലം പിടിക്കാനുള്ള നീക്കവുമായി കോൺഗ്രസ്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലം തിരിച്ചു പിടിക്കാൻ കെ.മുരളീധരനെ രംഗത്തിറക്കുമെന്നാണ് സൂചനകൾ.. നേമം മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി മത്സര രംഗത്തിറങ്ങാൻ കെ മുരളീധരൻ എം.പി സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ.. നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ഹൈക്കമാൻഡിന്റെ സമ്മർദത്തിന് മുരളീധരൻ വഴങ്ങിയതായാണ് റിപ്പോർട്ടുകൾ.

നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരൻ നേരത്തെ അറിയിച്ചത്. താൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നു നടന്ന സ്ഥാനാർത്ഥി ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡിൽനിന്ന് പുതിയ നിർദേശം ഉയരുകയായിരുന്നു.

കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ച നേമം മണ്ഡലം എങ്ങനെയും ജയിക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവച്ചത്.

വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ഈ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന നിർദേശവും ചർച്ചയിലുയർന്നു..ഇവിടങ്ങളിൽ മത്സരിക്കാൻ തയ്യാറുണ്ടോ എന്ന് ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാൽ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല കഴക്കൂട്ടത്തും മുൻനിര നേതാക്കളിൽ ഒരാൾ വേണമെന്നും അഭിപ്രായമുണ്ട്.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.