
തിരുവനന്തപുരം : മന്ത്രിമാരും സിറ്റിംഗ് എം.എൽ.എമാരും ഉൾപ്പെടെ ഒഴിവാക്കപ്പെട്ടപ്പോൾ സി.പി.എമ്മിന്റെ സ്ഥാനർത്ഥി പട്ടികയിൽ ഇടംപിടിച്ചത് കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മുൻഭാരവാഹികളും അടക്കമുള്ളവർ.. മുൻ കെ.പി.സി.സി.സെക്രട്ടറി മുതൽ മുസ്ലിം ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റ് വരെ സി.പി.എം സ്ഥാനാർത്ഥികളായി നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കും.
സുൽത്താൻ ബത്തേരിയിൽ കെ..പി.സി.സി മുൻ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായിരുന്ന എം.എസ്.വിശ്വനാഥനാണ് സി.പി.എം സ്ഥാനാർത്ഥി. കുറുമ സമുദായക്കാരനാണ് എം. എസ് വിശ്വനാഥൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള ബത്തേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സിറ്റിംഗ് എം.എൽ.എ ഐ.സി ബാലകൃഷ്ണന് സീറ്റ് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ തുടർന്നായിരുന്നു എം എസ് വിശ്വനാഥന്റെ രാജി.
കുന്നത്തുനാട്ടിൽ സി.പി.എം സ്ഥാനാർഥിയായ പി.വി.ശ്രീനിജൻ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനുംകൂടിയാണ് ശ്രീനിജൻ.
ആലുവയിലെ സ്ഥാനാർഥിയായ ഷെൽന നിഷാദ് ആലുവയെ 26 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത യു.ഡി.എഫ്. എം.എൽ.എയായ കെ. മുഹമ്മദാലിയുടെ മരുമകളാണ് .
വണ്ടൂരിലെ സി.പി.എം സ്ഥാനാർഥി പി.മിഥുന മുസ്ലിം ലീഗിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിട്ടാണ് മിഥുന പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതിവനിതാ സംവരണമായതോടെയാണ് മിഥുനയെ ലീഗ് തിരഞ്ഞെടുത്തത്. 2015ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോർഡും മിഥുനക്കുണ്ടായിരുന്നു.
മലപ്പുറത്തെ മറ്റൊരു മണ്ഡലമായ പെരിന്തൽമണ്ണയിൽ സി.പി.എം സ്വതന്ത്രനായി ത്സരിക്കുന്നത് കെ.പി.മുഹമ്മദ് മുസ്തഫയാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുസ്തഫ മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനാണ്.
മലപ്പുറത്തെ ഇടത് സിറ്റിംഗ് എംഎൽഎമാരായ വി.അബ്ദുറഹിമാൻ, പി.വി.അൻവർ, കെ.ടി.ജലീൽ എന്നിവരും ലീഗ്‌കോൺഗ്രസ് പശ്ചാത്തല രാഷ്ട്രീയമുള്ളവരാണ്.