gokulam-kerala-fc

ഐ-ലീഗിൽ 3-0ത്തിന് ഗോകുലം കേരള എഫ്.സി ചർച്ചിൽ ബ്രദേഴ്സിനെ തോൽപ്പിച്ചു

പോയിന്റ് പട്ടികയിൽ ഗോകുലം ചർച്ചിലിന് പിന്നിൽ രണ്ടാമത്

കൊൽക്കത്ത : ഈ മാസം ഒന്നാം തീയതി തങ്ങളെ 3-2ന് തോൽപ്പിച്ച ചർച്ചിൽ ബ്രദേഴ്സിനെ ഇന്നലെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ചതച്ചരച്ച് ഗോകുലം കേരള എഫ്.സി.ഈ വലിയ വിജയത്തോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചർച്ചിൽ തന്നെയാണ് ഒന്നാമത് തുടരുന്നത്.

സെൽഫ് ഗോളിലൂടെ ലഭിച്ച തുടക്കവും ഇരട്ട ഗോളുകൾ നേടിയ അന്റ്‌വിയും ചേർന്നാണ് ഗോകുലത്തിന്റെ മധുരപ്രതികാരത്തിന്റെ തിരക്കഥയൊരുക്കിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റൗണ്ട് ഗ്ളാസ് പഞ്ചാബിനെ തോൽപ്പിച്ചിരുന്ന ഗോകുലം ചർച്ചിലിനെതിരെ തികഞ്ഞ ആത്മവിശ്വാസവുമായാണ് ഇന്നലെ കളത്തിലിറങ്ങിയത്.നാലാം മിനിട്ടിൽത്തന്നെ ചർച്ചിലിന്റെ വകയൊരു സെൽഫ് ഗോൾ ലഭിച്ചത് ഗോകുലത്തിന്റെ ആവേശം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ അടുത്ത ഗോളിന് വഴിതുറന്നു.തുടർന്ന് അധികം വൈകാതെ മൂന്നാം ഗോളും നേടി ഗോകുലം പിടിമുറക്കി.

നാലാം മിനിട്ടിൽ ചർച്ചിലിന്റെ വൻലാൽദുവാത്സംഗയാണ് സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ ഗോകുലം ലീഡ് ചെയ്തു. ഷിൽട്ടൺ പോളിന്റെ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് 56-ാംമിനിട്ടിൽ അന്റ്‌വി രണ്ടാം ഗോളാക്കിയത്.62-ാം മിനിട്ടിലായിരുന്നു അന്റ്‌വിയുടെ അടുത്ത ഗോൾ.

ഈ വിജയത്തോടെ ഗോകുലത്തിന് 12കളികളിൽ നിന്ന് 22 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ചർച്ചിലിന് 12 കളികളിൽ നിന്ന് 25 പോയിന്റാണുള്ളത്.