kamal-hassan-sdpi-

ചെന്നൈ: തമിഴ്നാട്ടിൽ എസ്.ഡി.പി.ഐ കമലഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) നയിക്കുന്ന മൂന്നാം മുന്നണിയിൽ. കമലുമായി എസ്.ഡി.പി.ഐ നേതാക്കൾ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. മുന്നണിയിൽ 18 സീറ്റുകളിൽ എസ്.ഡി.പി.ഐ മത്സരിക്കും.

25 സീറ്റുകളായിരുന്നു തങ്ങൾ ആവശ്യപ്പെട്ടതെന്നും കമൽ 18 സീറ്റുകൾ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തമിഴ്നാട് എസ്.ഡി.പി.ഐയുടെ ചുമതലയുളള അബ്ദുൾ മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിനു ഒപ്പമായിരുന്നു എസ്.ഡി.പി.ഐ മത്സരിച്ചത്.

അതേസമയം എം.എൻ.എം-എസ്.ടി.പി.ഐ കൂട്ട് കെട്ട് അപലപനീയമാണെന്നും രാജ്യത്തുടനീളം എസ്.ഡി.പി.ഐ നിരോധിക്കാൻ തങ്ങൾ ആവശ്യപ്പെടുന്നതായും ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.

ആകെ 234 സീറ്റുകളുളള തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമലഹാസൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാക്കി 80 സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മറ്റ് സഖ്യകക്ഷികൾ.