
കുറ്റ്യാടി ഒഴികെ 12 മണ്ഡലങ്ങളിലെ കേരള കോൺ. എം സ്ഥാനാർത്ഥികളായി
കോട്ടയം : സീറ്റ് കൈമാറ്റത്തിനെതിരെ സി.പി.എമ്മിൽ പരസ്യ പ്രതിഷേധം നടക്കുന്ന കുറ്റ്യാടി ഒഴികയുള്ള 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചു.
പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കും. റോഷി അഗസ്റ്റിൻ ഇടുക്കിയിലും എൻ.ജയരാജ് കാഞ്ഞിരപ്പള്ളിയിലും വീണ്ടും മത്സരിക്കും. കടുത്തുരുത്തിയിൽ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജാണ് സ്ഥാനാർത്ഥി. പിറവത്ത് സി.പി.എം അനുഭാവിയായ ഡോ. സിന്ധുമോൾ ജേക്കബ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി. നേരത്തെ ഇവിടെ നഗരസഭ കൗൺസിലറായ ജിൽസ് പെരിയപുറത്തെയാണ് പരിഗണിച്ചിരുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിന്ധുമോൾ, എൽ.ഡി.എഫ് സ്വതന്ത്രയായാണ് മത്സരിച്ചത്. ഇവർ നേരത്തേ കടുത്തുരുത്തിയിലെ സാദ്ധ്യതപട്ടികയിലും ഇടം പിടിച്ചിരുന്നു. പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ, പെരുമ്പാവൂരിൽ എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം, തൊടുപുഴയിൽ പ്രൊഫ. കെ.എ.ആന്റണി, റാന്നിയിൽ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ, ചാലക്കുടിയിൽ കോൺഗ്രസിൽ നിന്നെത്തിയ ഡെന്നിസ് കെ.ആന്റണി എന്നിവരാണ് സ്ഥാനാർത്ഥികൾ.
കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ സി.പി.എം നേതൃത്വവുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി അറിയിച്ചു.