thomas-isaac-

തിരുവനന്തപുരം: തന്നെ പ്രകോപിപ്പിച്ചാൽ കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ടെന്നും പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദര മുഹൂർത്തം സ്വപ്നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. സ്വയം കണ്ണടച്ചു പിടിച്ചാൽ ലോകം മുഴുവൻ ഇരുട്ടുപരക്കുമെന്ന മൂഢവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്നും അദ്ദേഹത്തെ ആർ.എസ്.എസുകാർ പോലും വിശ്വാസത്തിലെടുക്കില്ലെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പരിഹസിച്ചിരുന്നു.


വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നെ പ്രകോപിപ്പിച്ചാൽ കേന്ദ്ര ഏജൻസികൾ പിണറായിയെ പൊക്കി അകത്തിടുമെന്ന് തോമസ് ഐസക്കിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നു !
കുറച്ച് ദിവസങ്ങളായി ഐസക്കിന്റെ എആ പോസ്റ്റുകൾ കാണുമ്പോൾ 'മിഥുനം' സിനിമയിലെ ആ രംഗമാണ് ഓർമ വരുന്നത്......
''തേങ്ങ ഉടയ്ക്ക് സ്വാമീ......'

പിണറായിക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി കോടതിയിലെത്തിയ ശേഷം ഐസക്കിന്റെ ആവേശം കൂടിയിട്ടുണ്ട്....
കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടിഞ്ഞാൺ എന്റെ കയ്യിലല്ല പ്രഫസർ.....!
പിണറായിയെ ജയിലിലടയ്ക്കുന്ന ആ സുന്ദരമുഹൂർത്തം സ്വപ്നം കണ്ടുറങ്ങുന്ന താങ്കളുടെ മനോവികാരം ഞാൻ മനസിലാക്കുന്നു....
അന്വേഷണ ഏജൻസികൾ അതിന്റെ മുറയ്ക്ക് കാര്യങ്ങൾ ചെയ്തു കൊള്ളും.... താങ്കൾക്ക് ആശങ്ക വേണ്ട....
അമിത് ഷാ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ലാത്ത സ്ഥിതിക്ക്, ചില ഉപചോദ്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു....
ഇനി പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് തോമസ് ഐസക്കിനും ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം....

1. സ്വപ്ന സുരേഷിന് ജയിലിൽ മതിയായ സുരക്ഷ ഒരുക്കണമെന്ന സാമ്പത്തിക കുറ്റവിചാരണക്കോടതി ഉത്തരവിലെ പരാമർശം നീക്കിക്കിട്ടാൻ ജയിൽ ഡി ജി പി ഹൈക്കോടതിയിൽ പോയതെന്തിന് ?(കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷ നൽകിയാൽ മതിയായിരുല്ലോ..)
2. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നൽകിയെന്ന് സ്വപ്ന സുരേഷ് പറയുന്നതായ ശബ്ദരേഖ റെക്കോർഡ് ചെയ്തതും ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതും കേരള സ്‌പെഷൽ ബ്രാഞ്ചായിരുന്നോ ?
3. ഈ ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം എവിടെയെത്തി?
4. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ കേരള പൊലീസിലെ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നിരിക്കെ ഇഡി ഉദ്യോഗസ്ഥൻ സ്വപ്നയെ നിർബന്ധിക്കുന്നത് ഞാൻ കേട്ടു എന്നവകാശപ്പെട്ട് ഇടതു സഹയാത്രികയായ പൊലീസുകാരിയെ 'രംഗത്തിറക്കുന്നത് ആരാണ് ?
5. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുൽ ജനറലിന് സംസ്ഥാനം എക്സ് കാറ്റഗറി സുരക്ഷ നൽകിയത് കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കാനായിരുന്നോ..?അദ്ദേഹത്തിന് എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നത് ?
6. കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനായ ഖാലിദ് അലി ഷൗക്കിയ്ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം കേന്ദ്ര അനുമതിയില്ലാതെ ഡിപ്ലോമാറ്റിന് സമാനമായ തിരിച്ചറിയൽ കാർഡ് നൽകിയത് എന്തിന് ?
7.ഇത് സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോൾ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിന് പെട്ടന്ന് തീപിടിക്കുകയും ഫയലുകൾ കത്തുകയും ചെയ്തതത് എങ്ങനെ ?
വേട്ടയാടൽ സിദ്ധാന്തവും പരിവേദനങ്ങളുമല്ല, ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടികളാണ് പ്രതീക്ഷിക്കുന്നത്‌