
കാലാവധി തീർന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി നിരത്തുകളിൽ നിന്നും ഒഴിവാക്കുന്നതിനായി സ്‌ക്രാപ്പേജ് പോളിസി (പൊളിക്കൽ നയം) നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നിയമത്തിന്റെ പൂർണമായ വിശദാംശം പുറത്തുവന്നിട്ടില്ലെങ്കിലും 2022 ഏപ്രിൽ ഒന്നു മുതൽ സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കിത്തുടങ്ങും എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
തന്റെ വാഹനങ്ങളോട് ആത്മബന്ധം വെച്ച് പുലർത്തുന്നവരാണ് മിക്ക ഇന്ത്യക്കാരും. പോരാത്തതിന് സാധാരണക്കാർക്ക് വാഹനങ്ങൾ മാറ്റി വാങ്ങുക എന്നത് എളുപ്പം നടക്കുന്നകാര്യവുമല്ല. ഇതുകൊണ്ടൊക്കെതന്നെ സ്‌ക്രാപ്പേജ് പോളിസി പ്രകാരം 20 വർഷം കഴിഞ്ഞ വാഹനങ്ങളെല്ലാം പൊളിക്കേണ്ടി വരുമോ എന്ന സംശയം ഭൂരിഭാഗം പേരിലും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
20 വർഷം കഴിഞ്ഞ വാഹനങ്ങൾ എല്ലാം പൊളിക്കേണ്ടതില്ല എന്നതാണ് ഇതിനുളള ഉത്തരം. എന്നാൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കണമെങ്കിൽ ഓട്ടമേറ്റഡ് ടെസ്റ്റിംഗിന് വിധേയമാകണം. ടെസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് തുടർന്നും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കും. എന്നാൽ ഈ വാഹനങ്ങൾക്ക് റോഡ് ടാക്സ് വളരെ കൂടുതലായിരിക്കും. നിശ്ചിത കാലയളവിനുളളിൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതായും വരും.
സ്വകാര്യ വാഹനങ്ങൾ 20 വർഷം പൂർത്തിയാകുമ്പോഴും പൊതുവാഹനങ്ങൾ, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ 15 വർഷം പൂർത്തിയാകുമ്പോഴുമാണ് ഓട്ടമേറ്റഡ് ടെസ്റ്റിംഗിന് വിധേയമാക്കേണ്ടത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്പടികളോട് നമുക്കുളള പ്രതിബദ്ധത രാജ്യാന്തരസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക, ഇന്ധനക്ഷമതകൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയ കണക്കുകൂട്ടലുകൾ കൂടി സ്‌ക്രാപ്പേജ് പോളിസി നടപ്പാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്.