cpm

കോഴിക്കോട്: കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ മണ്ഡലം കേരള കോൺഗ്രസിന്(എം) നൽകുന്ന കാര്യത്തിൽ സി പി എം പുനപരിശോധന നടത്തുമെന്ന് റിപ്പോർട്ടുകൾ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസുമായി സി പി എം ഇന്ന് ചർച്ച നടത്തും.

തിരുവമ്പാടി-കുറ്റ്യാടി സീറ്റുകൾ തമ്മിൽ വച്ചുമാറുക, പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുക എന്നീ കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുക. തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മണ്ഡലം വച്ചുമാറൽ ബുദ്ധിമുട്ടാണ്.


അതേസമയം പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് കുറ്റ്യാടിയിൽ പുനപരിശോധന ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സി പി എമ്മെനും, പാർട്ടി തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാദ്ധ്യത പ്രവർത്തകർക്കാണുള്ളതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പതിമൂന്ന് സീറ്റുകളാണ് എല്‍ ഡി എഫ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത്.കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. കുറ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.