
കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിഗ്രാമിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ബാനർജി ഇപ്പോഴുള്ളത്.
കണങ്കാലിന്റെയും, തോളിന്റെയും എല്ലിന് സാരമായ പരിക്കേറ്റതായി ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു.മുഖ്യമന്ത്രി 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും, ചെറിയ പനിയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
എം ആർ ഐ സ്‌കാൻ കഴിഞ്ഞയുടൻ മുഖ്യമന്ത്രിയെ ആശുപത്രിയുടെ വിവിഐപി ബ്ലോക്കിലെ പ്രത്യേക വാർഡിലേക്ക് മാറ്റി. 'കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തുടർചികിത്സ തീരുമാനിക്കും'ഡോക്ടർ പറഞ്ഞു.
നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമത ബാനർജിക്ക് പരിക്കേറ്റത്. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത ആരോപിച്ചിരുന്നു. ഇതൊക്കെ വെറും നാടകമാണെന്നായിരുന്നു ബി ജെ പിയുടെ പ്രതികരണം. ഇന്നലെയായിരുന്നു മമത ബാനർജി നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.