jose-k-mani

കോട്ടയം: കുറ്റ്യാടിയിലെ സ്ഥാനാർത്ഥി നിർണയം പിന്നീടെന്ന് വ്യക്തമാക്കി ജോസ് കെ മാണി. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സി പി എമ്മുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധങ്ങൾ സ്വഭാവിമാണെന്നും പറഞ്ഞു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരുന്നു.തീരുമാനത്തിനെതിരെ അവർ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനാർത്ഥി നിർണയം ഉടനുണ്ടാവില്ലെന്ന് ജോസ് മാണി വ്യക്തമാക്കിയത്.

മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ ലാൻഡ് ചെയ്യിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾപറയുന്നത്. സി പി എം പ്രവർത്തകരുടെ സഹായമില്ലാതെ മണ്ഡലത്തിൽ കേരള കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. പ്രാദേശിക പ്രവർത്തകരുടെ വികാരം പരിഗണിക്കാതെ സ്ഥാനാർത്ഥിയെ നിറുത്തിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കേരളകോൺഗ്രസ് പ്രാദേശിക നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഹമ്മദ് ഇക്ബാൽ പറയുന്നത്.

അതിനിടെ സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ സി.പി.എം. നേതൃത്വവും ജോസ് കെ. മാണിയും ഇന്ന് ചർച്ച നടത്തും. സീറ്റ് തിരികെ ചോദിക്കേണ്ടെന്നും കാര്യങ്ങൾ മനസിലാക്കി ജോസ് കെ മാണി സീറ്റ് തിരികെ തന്നാൽ ഏറ്റെടുക്കാമെന്നുമാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. കുറ്റ്യാടി വിട്ടുതരികയാണെങ്കിൽ പകരം തിരുവമ്പാടി സീറ്റ് വിട്ടുനൽകില്ലെന്നും സി പി എം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.