lal-and-junior

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് വീണ്ടുമൊരു ലാൽ ചിത്രം കൂടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലാലും മകൻ ജീൻ പോൾ ലാലും സംവിധാനം ചെയ്യുന്ന സുനാമി ഏറെ പുതുമകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ലോകത്താദ്യമായി അച്ഛനും മകനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ് തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. സുനാമിയുടെ റിലീസ് ദിനത്തിൽ വിശേഷങ്ങൾ പങ്കുവച്ച് ലാൽ കേരളകൗമുദി ഓൺലൈനിനോട്...

ഗോഡ്‌ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നസെന്റ് പറഞ്ഞൊരു കഥയിൽ നിന്നാണല്ലോ ഈ ചിത്രത്തിനുളള ത്രെഡ് കിട്ടുന്നത്. ഇത്രയും വർഷം മനസിൽ കൊണ്ടുനടന്ന് അത് എങ്ങനെയാണ് സിനിമയായി രൂപപ്പെടുത്തിയത്?

ഇന്നസെന്റ് ചേട്ടൻ കഥ പറഞ്ഞപ്പോൾ ഇതൊന്ന് സിനിമയാക്കാൻ പറ്റിയിരുന്നെങ്കിലെന്ന് അന്ന് തോന്നിയിരുന്നു. നടക്കൂല്ലായെന്ന് കരുതി വിട്ട കേസാണത്. അടുത്ത കാലത്ത് എന്റെ മരുമകനോട് ഈ കഥ ഞാൻ വെറുതേ പറഞ്ഞു. ഇത് സിനിമയാക്കി കൂടേയെന്നായിരുന്നു അവൻ ചോദിച്ചത്. ഞാൻ പക്ഷേ കാര്യമായെടുത്തില്ലെങ്കിലും അവൻ ചോദിച്ചുകൊണ്ടേയിരുന്നു. ഞാനൊരു തമിഴ് പടത്തിൽ വർക്ക് ചെയ്യുന്ന സമയത്ത് ചെറിയൊരു ഗ്യാപ്പ് വന്നു. വെറുതെ ഒറ്റയ്‌ക്ക് മുറിയിലിരുന്നപ്പോഴാണ് ഈ കഥയുടെ ത്രെഡ് വീണ്ടും സ്ട്രൈക്ക് ചെയ്‌തത്. അപ്പോൾ തന്നെ ഞാൻ വൺലൈനുണ്ടാക്കി തിരക്കഥ രചനയിലേക്ക് കടന്നു. തിരക്കഥ വായിച്ചവരൊക്കെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് അഭിനന്ദിച്ചത്.

lal-and-junior

ഈ കഥ സിനിമയാക്കുന്ന കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ പ്രതികരണം എന്തായിരുന്നു?

തിരക്കഥ പകുതിയായപ്പോൾ ഇത് എഴുതി തീർക്കാൻ പറ്റുമെന്ന് എനിക്കൊരു കോൺഫിഡൻസ് വന്നു. അപ്പോഴാണ് ഇന്നസെന്റ് ചേട്ടനോട് ഞാൻ കാര്യം പറയുന്നത്. അയ്യോ അതൊക്കെ സിനിമയാക്കാൻ പറ്റുമോടായെന്നായിരുന്നു ചേട്ടൻ ചോദിച്ചത്. പറ്റുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് അത് വലിയ പിടിയില്ലെന്നും നീ നോക്കെന്നുമായിരുന്നു പുളളിയുടെ പ്രതികരണം. ഈ കഥയൊരു വെല്ലുവിളിയാണ്. ഏത് കഥ സിനിമയാക്കിയാലും അതിലൊരു പുതുമയുണ്ടാകണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഫാസിൽ സാറാണ്. മിനിമം ഗ്യാരന്റിയെന്ന് പറഞ്ഞ് ഒരു പടമെടുത്തിട്ട് കാര്യമില്ല. എന്റെ സിനിമകൾ ശ്രദ്ധിച്ചാലറിയാം, ഒന്നുകിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും അല്ലെങ്കിൽ സൂപ്പർ ഫ്ളോപ്പായിരിക്കും.

മായിൻകുട്ടിയടക്കം താങ്കളുടെ സിനിമയിലെ പല കഥാപാത്രങ്ങളും ജീവിതത്തിൽ വന്നുപോയവരും അടുത്തറിയാവുന്നവരുമാണ്. അങ്ങനെ കണ്ട് പരിച്ചയിച്ചവരെ സിനിമയിലേക്ക് സന്നിവേശിപ്പിക്കുന്ന ടെക്‌നിക്കിനെപ്പറ്റി പറയാമോ?

പുലേപ്പടിയിലുളള ഒരുപാട് പേർ എന്റെ സിനിമയിലെ കഥാപാത്രങ്ങളായിട്ടുണ്ട്. അവിടെ പലപല സ്വഭാവങ്ങളുളള ഒരുപാട് പേരുണ്ടായിരുന്നു. അതൊന്നും ഒറ്റ കഥാപാത്രമെന്ന് പറയാനാകില്ല. ഹരിഹർ നഗർ എടുത്ത് കഴിഞ്ഞാൽ അപ്പുകുട്ടനിൽ ഞാൻ കണ്ട ഒന്നുരണ്ട് പേരുണ്ടാകും. മഹാദേവനിലൊരു മൂന്നു നാല് പേരുണ്ടാകും. അങ്ങനെയൊരു മിക്‌സാണ് കഥാപാത്രങ്ങൾ.

ഈ കോമഡി സിനിമയ്‌ക്ക് സുനാമിയെന്ന ട്രാജഡി പേര് വന്നത് എങ്ങനെയാണ്?

സുനാമിയെന്ന് പറയുന്നത് ഒരു ദുരന്തമായിരുന്നു. പക്ഷേ സമ്മേളനത്തിൽ സുനാമി പോലെ ജനമെന്ന് ഇന്നു പറഞ്ഞാൽ അതൊരു പോസിറ്റീവാണ്. പിന്നെ ഈ സിനിമയിൽ ഒരു സംഭവം ഒളിഞ്ഞുകിടപ്പുണ്ട്, അത് കാണുന്നവർക്ക് മനസിലാകും. ഇതൊരു പോസിറ്റീവ് സിനിമയാണ്. പല നെഗറ്റീവ് വാക്കുകൾക്കും ഇന്ന് പോസിറ്റീവ് അർത്ഥമാണ്. പടം പൊളിയാണെന്ന് വച്ചാൽ പണ്ട് ചിത്രം പരാജയപ്പെട്ടുവെന്നാണ് അർത്ഥം. എന്നാൽ ഇന്ന് പടം പൊളിയാണെന്ന് പറഞ്ഞാൽ സിനിമ വിജയിച്ചുവെന്നാണ് അർത്ഥം.

ലോകത്ത് അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് സുനാമി. ആ അനുഭവമൊന്ന് പറയാമോ?

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മിക്കവാറും എന്റെ സുഹൃത്തുക്കളൊക്കെ ജീനിന്റെയും കൂട്ടുകാരാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. പുതിയ കാലത്തിനൊത്ത് മാറിയില്ലെങ്കിൽ നമ്മൾ പഴഞ്ചനായി പോകും. ജയ്‌പൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാനിപ്പൊ വന്നതേയുളളൂ. അവിടെ ജീനിന്റെ രണ്ട് സുഹൃത്തുക്കളെയാണ് ഞാൻ കൂട്ടിന് കൊണ്ടുപോയത്. നമ്മൾ തമ്മിൽ പരസ്‌പര ബഹുമാനത്തിൻ്റെ പ്രശ്‌നമില്ല. അവരോടൊപ്പം ചേർന്നാണ് ഞാൻ അപ്ഡേറ്റാകുന്നത്.

ഇതുവരെ കണ്ടുപരിചയിച്ച ഒരു ടീസറും ട്രെയിലറുമൊന്നും അല്ലായിരുന്നു സുനാമിയുടേത്. സിനിമയിലുടനീളം പ്രേക്ഷകർക്ക് ആ പുതുമ പ്രതീക്ഷിക്കാമോ?

പ്രതീക്ഷിക്കാമെന്ന് മാത്രമേ പറയാൻ പറ്റുകയുളളൂ. നമുക്ക് ഒരിക്കലും ആരുടേയും മനസ് ചികയാനാകില്ല. നമ്മൾ ഒരുപാട് പഠിച്ചും അന്വേഷിച്ചും ചെയ്‌ത ചിത്രമാണ് ഇത്. നൂറ് ശതമാനം വിജയം ആയിരിക്കുമെന്ന് തന്നെയാണ് വിശ്വാസം.

ഇരട്ടസംവിധായകനായിട്ട് ഇത് ആദ്യമായല്ല. ഇതിനുമുമ്പ് സിദ്ദിഖ് ലാലെന്ന കോമ്പിനേഷനിലൂടെയാണ് മലയാള സിനിമയിലേക്ക് തന്നെ താങ്കൾ കടന്നുവരുന്നത്. സുഹൃത്തായ സിദ്ദിഖിന് ശേഷം ഇപ്പോൾ മകൻ്റെ കൂടെ. അതൊന്ന് താരതമ്യം ചെയ്യാമോ?

അന്ന് ഞാനും സിദ്ദിഖും എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇന്ന് ഞാനും ജീനും. ഇപ്പോൾ ഞാനും സിദ്ദിഖും കൂടെ ഒരു പടം ചെയ്‌താൽ നന്നാകണമെന്ന് നിർബന്ധമില്ല. അന്ന് ഞങ്ങൾ ഫ്രണ്ട്‌സായിരുന്നു. ഇപ്പോൾ ഞങ്ങൾക്കിടയിൽ സൗഹൃദത്തിനൊപ്പം ബഹുമാനത്തിൻ്റെ ഒരു അംശം കൂടെ കടന്നുവന്നിട്ടുണ്ട്. മുമ്പ് സിദ്ദിഖ് വീടിന് മുന്നിൽ വന്നുവെന്ന് അറിഞ്ഞാൽ ഞാൻ വീടിനകത്ത് തന്നെ ഇരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സിദ്ദിഖ് വീടിന് മുന്നിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞാൽ ഞാൻ ഓടി ചെല്ലും. അത് എവിടെയോ ബഹുമാനത്തിന്റെ അംശം കയറിതുകൊണ്ടാണ്. ആ ബഹുമാനം ഉളളപ്പോൾ നമുക്ക് ഓപ്പൺ ചർച്ചകൾ നടത്താൻ ബുദ്ധിമുട്ടായിരിക്കും. ബഹുമാനം വന്നു കഴിഞ്ഞാൽ ഫ്രണ്ട്ഷിപ്പിലെ സ്വാതന്ത്ര്യമൊക്കെ ഒരുപാട് കുറഞ്ഞുപോകും. പക്ഷെ ജീനിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ബഹുമാനത്തെക്കാൾ ഫ്രണ്ട്ഷിപ്പിനാണ് മുൻതൂക്കം.

ഈ സിനിമയ്‌ക്ക് രണ്ടുഘട്ടമുണ്ട്, കൊവിഡിന് മുമ്പും കൊവിഡിന് ശേഷവും. എത്തരത്തിലാണ് കൊവിഡ് സുനാമിയെ വലച്ചത്?

ഇന്നസെന്റ്‌ ചേട്ടന് അസുഖമുളളതുകൊണ്ട് തന്നെ അദ്ദേഹം ഇൻഫെക്‌റ്റഡ് ആകാനുളള ചാൻസ് കൂടുതലാണ്. വേറൊരു അസുഖം വരാതിരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ആരോഗ്യത്തിന് നല്ലത്. ആദ്യ കൊവിഡ് കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത് സിനിമ ചിത്രീകരണം നടന്നിരുന്ന തൃശൂരിലായിരുന്നു. അതറിഞ്ഞപ്പോൾ തന്നെ ഒരു മണിക്കൂറിനിടെ ഷൂട്ടിംഗ് പായ്‌ക്കപ്പ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. എല്ലാവരുടെയും ആരോഗ്യം പരിഗണിച്ചായിരുന്നു അത്തരമൊരു തീരുമാനം. എന്റെ മരുമകനാണ് ചിത്രം നിർമ്മിക്കുന്നത്. അവന് എങ്ങനയൊക്കെ പോയാലും ഒരു നാലഞ്ച് ലക്ഷം രൂപ നഷ്‌ടമാകും. ഡേറ്റിൻ്റെ കാര്യങ്ങളിലടക്കം പിന്നീട് പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ അതിനെക്കാൾ ശ്രദ്ധ കൊടുത്തത് ഇന്നസെന്റ ചേട്ടന്റെയും മറ്റുളളവരുടേയും ആരോഗ്യത്തിനായിരുന്നു.

കൊവിഡ് സമയത്ത് പലരും ആഹാരം കഴിച്ച് തടിവയ്‌ക്കാനുളള ചാൻസുണ്ടല്ലോ. അതുമാത്രമല്ല കണ്ടിന്യൂറ്റി പ്രശ്‌നങ്ങളും ഉണ്ടാകാം. ഇത്രയും മാസത്തിന് ശേഷം ഷൂട്ടിംഗ് നടക്കുമ്പോൾ അതിലൊക്കെ താരങ്ങൾ അടക്കമുളളവരുടെ സഹകരണം എങ്ങനെയായിരുന്നു?

താരങ്ങൾ ഭീകരമായി സഹകരിച്ചുവെന്ന് വേണം പറയേണ്ടത്. മുകേഷൊക്കെ ആദ്യമായാണ് ക്ലീൻ ഷേവ് ചെയ്‌ത് പടത്തിൽ അഭിനയിക്കുന്നത്. കഥ പറയുന്നതിന് മുമ്പ് ഇക്കാര്യം ഞാൻ മുകേഷിനോട് സൂചിപ്പിച്ചിരുന്നു. അതൊന്നും കുഴപ്പമില്ല കഥ കേട്ടു കഴിഞ്ഞിട്ട് തീരുമാനിക്കാമെന്നായിരുന്നു പുളളിയുടെ മറുപടി. കഥ വായിച്ച് പകുതിയായപ്പോൾ തന്നെ ക്ലീൻ ഷേവെന്ന് മുകേഷ് പറഞ്ഞു. മീശയെടുത്തൊക്കെ വന്നപ്പോൾ അദ്ദേഹത്തിന് നിയമസഭയിൽ പോകാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ട് ലോക്ക്ഡൗൺ കഴിഞ്ഞ് വീണ്ടും ഷേവ് ചെയ്‌തിട്ട് വരണമെന്ന് പറയുന്നത് വലിയ പ്രശ്‌നമാണ്. എന്നാൽ അതിനെപ്പറ്റിയൊന്നും ചിന്തിക്കേണ്ട എപ്പോഴെന്ന് വച്ചാൽ പറഞ്ഞാൽ മതി ഷേവ് ചെയ്‌ത് വരാമെന്നായിരുന്നു മുകേഷ് പറഞ്ഞത്.

രണ്ടാമത് ഷൂട്ട് തുടങ്ങുന്നതിന് കുറേ നാൾ മുമ്പ് ഇന്നസെന്റ്‌ ചേട്ടന് വീണ്ടും അസുഖത്തിൻ്റെ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങി. ടെസ്റ്റ് ചെയ്‌താൽ പെട്ടെന്ന് കീമോയൊക്കെ ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ മുടിയെല്ലാം കൊഴിഞ്ഞ് രൂപത്തിലൊക്കെ വ്യത്യാസം വരും. അതുകൊണ്ട് എത്രയും വേഗം ഷൂട്ട് തുടങ്ങണം ചികിത്സയ്‌ക്ക് പോകേണ്ട സമയമായി എന്നാണ് ഇന്നസെൻ്റ് ചേട്ടൻ പറഞ്ഞത്. സാരമില്ല ചേട്ടാ അതുകഴിഞ്ഞായാലും നമുക്ക് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് ഞാൻ പുളളിയെ സമാധാനിപ്പിച്ചു. എൻ്റെ ചങ്കിടിക്കുകയായിരുന്നു, പക്ഷേ പുളളിയോട് അങ്ങനെയല്ലേ പറയാൻ പറ്റുകയുളളൂ. പക്ഷേ ദൈവഭാഗ്യം കൊണ്ട് പിറ്റേ ദിവസത്തെ പത്രം തുറക്കുമ്പോൾ കാണുന്നത് അമ്പത് പേരെ വച്ച് സിനിമ ഷൂട്ടിംഗ് ആരംഭിക്കാമെന്നാണ്. അപ്പോൾ വളരെ വേഗം അടുത്തദിവസം തന്നെ ഷൂട്ട് പ്ലാൻ ചെയ്യുകയായിരുന്നു.

ഷൂട്ടിംഗ് വീണ്ടും തുടങ്ങിയപ്പോൾ കൊവിഡ് സൃഷ്‌‌ടിച്ച പരിമിതികൾ കാരണം തിരക്കഥ തിരുത്തി എഴുതേണ്ടി വന്നു. ഹൈദരാബാദിലെ ഷൂട്ടിംഗൊക്കെ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. എന്നാൽ മാറി ചിന്തിച്ചപ്പോൾ കഥയിൽ പുതിയ ചില എലമെൻ്റ്സ് കയറുകയായിരുന്നു, പടം കൂടുതൽ പോസിറ്റീവായി. അങ്ങനെ ഉർവ്വശീശാപം ഉപകാരമായി. അണിയറയിൽ ഉൾപ്പടെ എല്ലാവരും വളരെയധികം സഹായിച്ചു. താരങ്ങളെ കുറയ്‌ക്കാൻ പറ്റാത്തതു കൊണ്ട് ടെക്‌നിക്കൽ സൈഡിൽ ആളെ കുറച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. സാധാരണ ചെയ്യുന്നതിന്റെ ഇരട്ടി ജോലിയാണ് അവർക്കൊക്കെ ഈ സിനിമയ്‌ക്ക് വേണ്ടി ചെയ്യേണ്ടി വന്നത്.

lal-and-junior

ഇന്നസെന്റിന്റെയും മുകേഷിന്റെയുമൊക്കെ മടങ്ങിവരവാണ് ഈ ചിത്രമെന്ന് പറയാമോ?

അവർ വലിയ കഴിവുളള നടന്മാരാണ്. എന്നാൽ അവർക്കൊന്നും ഇളകി ചെയ്യാൻ പറ്റിയ വേഷങ്ങൾ കുറച്ചുകാലമായി ഇല്ല. അത് സങ്കടകരമായ കാര്യമാണ്. ഞെട്ടിക്കുന്ന പെർഫോമൻസ് നടത്തിയിട്ടുളള അത്രയ്‌ക്ക് കപ്പാസിറ്റിയുളള നടന്മാരാണ് ഇവർ രണ്ടുപേരും. എന്നാൽ പെട്ടെന്ന് എപ്പോഴോ കഥയുടെ സ്വാഭാവത്തിലൊക്കെ മാറ്റം വന്ന് എല്ലാവരും അതിനു പിന്നാലെ പോയപ്പോൾ ഇവരെ നമ്മൾ മിസ് ചെയ്‌തു. പക്ഷേ ഇവരെ കൂടെ വർക്ക് ചെയ്യാൻ എന്നും കൊതിക്കുന്ന ഒരാളാണ് ഞാൻ. നമ്മളൊക്കെ ഒരു തമാശ എഴുതിവച്ചുകഴിഞ്ഞാൽ ചിന്തിക്കുന്നതിനപ്പുറം ഒരു സ്റ്റെപ്പ് മേലെ ചെയ്‌ത് റിസൽറ്റ് തിരികെ തരുന്ന രണ്ട് നടന്മാരാണ് ഇവർ. കൊച്ചുപിള്ളേരൊക്കെ ഇവർ രണ്ട് പേരെയും വച്ച് പടമെടുക്കേണ്ടതാണ്.

താരങ്ങളൊക്കെ സ്വന്തം ശബ്‌ദത്തിൽ പാടുന്ന സുനാമിയിലെ ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ. അവരുടെ തയ്യാറെടുപ്പ് എങ്ങനെയായിരുന്നു?

സിനിമയുടെ ടൈറ്റിൽ സോംഗാണത്. ഹൈദരബാദിൽ ട്രെയിനിൽ ഷൂട്ട് ചെയ്യേണ്ട ഗാനം വേണ്ടെന്ന് വച്ചപ്പോൾ അതിനുപകരമാണ് ബസിനകത്ത് ഈ പാട്ട് ഷൂട്ട് ചെയ്യേണ്ടി വരുന്നത്. ഇന്നസെന്റ് ചേട്ടൻ പാടിയാൽ കൊളളാമെന്ന് എനിക്ക് തോന്നി. പക്ഷേ പുതിയ പാട്ടുണ്ടാക്കി പാടാൻ ഇന്നസെന്റ് ചേട്ടന് ബുദ്ധിമുട്ടാണ്. അപ്പോൾ പഴയ പാട്ടുകൾ വല്ലതും ഓർമ്മയുണ്ടോയെന്ന് ഞാൻ ചോദിച്ചു. എന്നാൽ പുളളിക്കൊന്നും ഓർമ്മ വരുന്നില്ല. എനിക്ക് അറിയാവുന്ന പാട്ടുകൾ പറഞ്ഞപ്പോൾ ചേട്ടന് അതൊന്നും അറിയത്തുമില്ല. ഒടുവിൽ ചേട്ടൻ്റെ അമ്മ ചേട്ടനെ ഉറക്കാൻ വേണ്ടി പാടുന്ന ഒരു പാട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാഗാരിസ............എന്നുപറഞ്ഞ് പുളളിക്ക് അതിൻ്റെ ഒരു ശകലം ഓർമ്മയുണ്ടായിരുന്നു. എനിക്ക് വലിയ രസമായി തോന്നിയില്ലെങ്കിലും സംഗീത സംവിധായകരോട് പറഞ്ഞപ്പോൾ ഇത് കൊളളാമെന്നും രസകരമായി ശരിയാക്കാമെന്നും അവർ പറയുകയായിരുന്നു.

പാട്ടെഴുത്തിലേക്കും താങ്കൾ ഈ സിനിമയിലൂടെ കൈ വച്ചിരിക്കുകയാണ്. ആ അനുഭവമൊന്ന് പറയാമോ?

അങ്ങനെ ചെയ്യേണ്ടി വന്നു. പാടാൻ ബുദ്ധിമുട്ടാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇന്നസെൻ്റ് ചേട്ടൻ വന്നിട്ട് പുല്ലു പോലെയാണ് പാടിയത്. സിനിമയുടെ പ്രമോ സോംഗായി ഇറക്കാൻ വേണ്ടിയായിരുന്നു മറ്റുളളവരെ കൊണ്ട് പാടിപ്പിച്ചത്.

ഒ ടി ടി റിലീസിൻ്റെ കാലമാണിത്. അതിനിടയിൽ തീയേറ്ററിൽ തന്നെ ഈ ചിത്രം ഇറക്കിയാൽ മതിയെന്നുളളത് നിർബന്ധമായിരുന്നോ?

ഓരോ പ്ലാറ്റ്ഫോമിനും ഓരോ സ്വഭാവമുണ്ട്. ഞാൻ ഈ സിനിമയുണ്ടാക്കിയത് ആളുകൾക്ക് തീയേറ്ററിൽ പോയി ഒന്നിച്ചിരുന്ന് ചിരിക്കാൻ വേണ്ടിയാണ്. നമ്മൾ ഒറ്റയ്‌ക്കിരുന്ന് ഒരു തമാശ പടം കാണുന്നതും കൂട്ടത്തോടെ കാണുന്നതും തമ്മിൽ ഭയങ്കരമായ വ്യത്യാസമുണ്ട്. വിജയ്‌യുടെയൊക്കെ തമിഴ് പടം ടി വിയിലിട്ട് കണ്ടാൽ എഞ്ചോയ് ചെയ്യാൻ പറ്റില്ല. പേടിപ്പിക്കുന്ന ഒരു പടം തീയേറ്ററിലിരുന്ന് കാണുന്നതിനെക്കാൾ എഫക്‌ടീവായിരിക്കും രാത്രി ഒറ്റയ്‌ക്കിരുന്ന് കാണുന്നത്. പടം ഇന്ന് ഇറക്കാൻ തീരുമാനിക്കുമ്പോൾ പകുതി ആളുകൾക്കേ തീയേറ്ററിൽ വരാൻ പറ്റുവെന്ന് അറിയാം. റിലീസ് തീരുമാനിച്ചപ്പോൾ സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. മിക്കവാറും എല്ലാ പടങ്ങളും റിലീസ് മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ഇന്ന് പടം ഇറക്കാമെന്നുളളത് ഞാൻ തീയേറ്ററുകാർക്ക് കൊടുത്ത വാക്കാണ്. എൻ്റെ ആദ്യ സിനിമ മുതൽ റിലീസിംഗ് ഡേറ്റ് തീരുമാനിച്ചാൽ ഞാൻ അതിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. വലിയ പടങ്ങൾ എതിരായി വരുമ്പോഴും റിലീസ് മാറ്റിവയ്‌ക്കാൻ ഞാൻ ചിന്തിച്ചിട്ടില്ല. തോറ്റുപോകുമെന്ന് പേടിച്ചിട്ടല്ല സിനിമ ചെയ്യേണ്ടത്. നല്ല പടമാണെങ്കിൽ എത്ര വലിയ റിലീസുണ്ടെങ്കിലും നമ്മുടെ പടം ഓടിയിരിക്കും. റിലീസ് മാറ്റുമ്പോൾ തീയേറ്ററുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അതൊന്നും നിസാര കാര്യമല്ല.

ഒരുപാട് ഹിറ്റ് സിനിമകൾ നിർമ്മിച്ചയാളെന്ന നിലയിൽ ഒ ടി ടി റിലീസിനെ എങ്ങനെയാണ് നോക്കികാണുന്നത്?

ഒ ടി ടി റിലീസാണെങ്കിൽ അതിനുവേണ്ടി ഒ ടി ടി സിനിമ തന്നെയെടുക്കണം. അത് തീയേറ്ററിന് വേണ്ടിയാകരുത് എടുക്കേണ്ടത്. അല്ലാതെ തീയേറ്ററില്ലെങ്കിൽ ഒ ടി ടിക്ക് കൊടുക്കാമെന്ന് വിചാരിച്ച് പടം ഉണ്ടാക്കരുത്. സൂപ്പർ ഹിറ്റ് സീരിയലുകൾ എന്തോരമുണ്ട്. ഇത് മൂന്നു മണിക്കൂർ സിനിമയാക്കി തീയേറ്ററിൽ കൊണ്ടിട്ടാൽ ഓടുമോ? ഒരിക്കലും ഓടില്ല. അത് ടി വിയിലേക്ക് വേണ്ടി വീട്ടിലിരുന്ന് കാണാൻ വേണ്ടിയുളള സംഭവമാണ്. നാടകത്തിന് മുന്നിൽ ക്യാമറ കൊണ്ട് വച്ചാലും രണ്ടര മണിക്കൂർ സിനിമ കിട്ടും,എന്നാലത് സിനിമയാകില്ല.

പുതിയ സിനിമാവിശേഷങ്ങൾ എന്തൊക്കെയാണ്?

ഞാൻ ഇപ്പോൾ നാല് തമിഴ് പടം ചെയ്യുന്നുണ്ട്. കാർത്തി നായകനായ പടത്തിൽ വലിയൊരു റോളാണ് ചെയ്യുന്നത്. കർണൻ എന്ന പേരിൽ ധനുഷ് അഭിനയിക്കുന്ന ഒരു പടമുണ്ട്. അതിലും പെർഫോം ചെയ്യാൻ പറ്റിയ വേഷമാണ്. നടൻ പ്രഭുവിൻ്റെ മകനുമൊത്ത് കാനാക്കാരൻ എന്നൊരു പടം ചെയ്യുന്നുണ്ട്. പിന്നെ മണിരത്നത്തിൻ്റെ പടമാണ് നാലാമത്തേത്. അതൊരു ബ്രഹ്മാണ്ഡ പടമാണ്. രജനീകാന്തും കമലഹാസനും ഒഴിച്ച് തമിഴ്‌നാട്ടിലെ ഒട്ടുമിക്ക നടന്മാരും ആ സിനിമയിലുണ്ട്.

മലയാളത്തെക്കാൾ കൂടുതൽ ചിത്രങ്ങൾ തമിഴിലാണല്ലേ?

വലിയ പടങ്ങളൊക്കെ അവിടെയാണ്. ഇവിടെ നിഴൽ എന്നൊരു പടം ചെയ്‌തിട്ടുണ്ട്. പിന്നെ ബാലു വർഗീസൊക്കെ അഭിനയിക്കുന്ന ഒരു പടമുണ്ട്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് നിവിൻ പോളിയും ആസിഫ് അലിയുമൊക്കെ അഭിനയിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീർ എന്ന ചിത്രമാണ്.